ബാബരി മസ്ജിദിനു പകരം പള്ളിപണിയാനുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോര്‍ഡ്

0
175

ലഖ്‌നൗ: (www.mediavisionnews.in) അയോധ്യയിലെ അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോർഡ്. മസ്ജിദ് പണിയാനുള്ള ഭൂമിയാണ് സ്വീകരിച്ചത്. സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചുവെന്ന് സുന്നി ബോർഡ് വ്യക്തമാക്കി. 2.77 ഏക്കർ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ നൽകിയതിന് പകരമായി സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു.

നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ അഭിപ്രായം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. ബാബ്റി മസ്ജിദിന് പകരം മുസ്ലിം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി യുപി സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.

കര്‍സേവകര്‍ 1992ലാണ് ബാബ്‍രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്‍റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്.

പള്ളി പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി. അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here