ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ വെടിയേറ്റ് മരിച്ചു, പ്രതിയെ പിടിക്കാതെ പൊലീസ്

0
189

ലഖ്നൗ: (www.mediavisionnews.in) ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ വെടിവച്ച് കൊന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ബലാത്സംഗം നടന്ന് ആറ് മാസത്തിന് ശേഷവും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർ ഭീഷണികൾക്ക് ശേഷമാണ് പ്രതികൾ പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയത്.

ആറ് മാസം മുൻപാണ് സംഭവം നടന്നത്. ആഗ്ര പൊലീസിന്റെ പരിധിയിലായിരുന്നു ഇത്. പീഡന വിവരം അറിഞ്ഞയുടൻ കുടുംബം പൊലീസിൽ പരാതിപ്പെട്ടു. പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും പ്രതി അജ്മാൻ ഉപാധ്യായയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല.

പിന്നീട് പരാതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിയുടെ ഭാഗത്ത് നിന്ന് പെൺകുട്ടിയുടെ മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഫെബ്രുവരി ഒന്നിന് ഫോണിൽ വിളിച്ച് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി പത്തിനകം പരാതി പിൻവലിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ പിതാവിനെ വധിക്കുമെന്നായിരുന്നു ഭീഷണി.

എന്നാൽ ഇക്കാര്യം പൊലീസിൽ അറിയിച്ച കുടുംബം പരാതി പിൻവലിക്കാൻ തയ്യാറായില്ല. തിങ്കളാഴ്ച രാത്രി വീട്ടിലേക്കുള്ള വഴിയിൽ വച്ചാണ് പെൺകുട്ടിയുടെ പിതാവിന് നേരെ അക്രമി സംഘം നിറയൊഴിച്ചത്. പ്രതി അജ്മാൻ ഉപാധ്യായ അടക്കമുള്ള നാലംഗ സംഘം രണ്ട് ബൈക്കിലെത്തി നിറയൊഴിക്കുകയായിരുന്നു.

സംഭവത്തിൽ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തിരുന്നില്ലെന്ന് വ്യക്തമായി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതായി ആഗ്ര ഐജി സതീഷ് എ.ഗണേഷ് അറിയിച്ചു. പ്രഥമ ദൃഷ്ട്യാ കർത്തവ്യനിർവഹണത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here