പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേരള പൊലിസ്

0
176

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേരള പൊലിസ്.

‘പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ സൈബര്‍ സെല്‍, ഹൈ ടെക്‌സെല്‍, സൈബര്‍ ഡോം എന്നിവയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.’ കേരള പൊലിസ് ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ പൗരത്വ ഭേദഗതി അനുകൂല പരിപാടി നടക്കുന്ന സമയത്ത് അനുമതിയില്ലാതെ കടയടച്ച് പ്രതിഷേധിക്കരുതെന്ന് കരിമണ്ണൂര്‍ പൊലിസ് അറിയിച്ചിരുന്നു.

ബിജെ.പിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പ്രകടനവും പൊതു സമ്മേളനവും നടത്തുന്നതിനാല്‍ അനുമതിയില്ലാതെ ആ ദിവസം കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്നാണ് കരിമണ്ണൂര്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കടയുടമകള്‍ക്കയച്ച നോട്ടീസില്‍ പറയുന്നത്. അല്ലാത്ത പക്ഷം കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ടായിരുന്നു. വിവാദമായതോടെ നോട്ടീസ് പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് കുറ്റ്യാടിയില്‍ സമാനമായ രീതിയില്‍ കടയടച്ച് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലിസ് സ്വമേധയ കേസെടുത്തിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here