ന്യൂഡല്‍ഹി: (www.mediavisionnews.in) പാർലമെന്റിലേക്കുള്ള പൗരത്വ നിയമ വിരുദ്ധ മാർച്ചിൽ പങ്കെടുത്ത ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് ആക്രമണമഴിച്ചുവിട്ടതിനെ തുടർന്ന് പത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽക്കുകയും തുടർന്ന് ജാമിയ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചില പരിക്കുകൾ ഗുരുതരമാണെന്നും വിദ്യാർത്ഥികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നുവെന്നും ആരോഗ്യ കേന്ദ്രത്തിലെ റസിഡന്റ് ഡോക്ടർമാർ പറഞ്ഞു. ചില വിദ്യാർത്ഥികളുടെ നെഞ്ചിൽ ലാത്തികളാൽ അടിച്ചതിനാൽ ആന്തരിക പരിക്കുകളും സംഭവിച്ചിട്ടുണ്ട്.
“പത്തിലധികം വനിതാ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റു. മൂർച്ചയേറിയ പരിക്കുകൾ ഞങ്ങൾ കണ്ടെത്തി, പരിക്കേറ്റ ചിലരെ അൽ ഷിഫയിലേക്ക് മാറ്റേണ്ടിവന്നു, കാരണം പരിക്കുകൾ ഗുരുതരമാണ്,” ഡോക്ടർമാർ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു.
തന്റെ സ്വകാര്യ ഭാഗങ്ങളിൽ പൊലീസുകാർ ബൂട്ട് ഉപയോഗിച്ച് അടിച്ചു എന്നും ഒരു പോലീസുകാരി തന്റെ ബുർഖ നീക്കം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളിൽ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥി ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.
ക്യാമറയിൽ പകർത്താൻ കഴിയാത്തവിധം പൊലീസുകാർ ബെൽറ്റിന് താഴെ അടിക്കുകയായിരുന്നു എന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. “എന്റെ സ്വകാര്യ ഭാഗത്ത് പൊലീസ് ബൂട്ട് കൊണ്ട് തൊഴിച്ചു. അവർ സ്ത്രീകളെ അടിക്കുന്നത് കണ്ട് ഞാൻ അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, അവർ എന്നെ നെഞ്ചിലും പിന്നിലും ലാത്തികൊണ്ട് അടിക്കുകയും സ്വകാര്യ ഭാഗത്ത് കാലുകൾ കൊണ്ട് തൊഴിക്കുകയും ചെയ്തു. ഡോക്ടർ എന്നെ അടിയന്തര ചികിത്സക്ക് പ്രവേശിപ്പിച്ചു,” പരിക്കേറ്റ ഒരു പുരുഷ വിദ്യാർത്ഥി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.