കൊച്ചി: (www.mediavisionnews.in) പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിമിനെ ചോദ്യംചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാഴ്ച രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് അദ്ദേഹത്തിന് നോട്ടീസ് നല്‍കി. പൂജപ്പുരയിലുള്ള വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഒന്നിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. കേസിലെ വിവിധ രേഖകളുടെ പരിശോധന ഇതിനകം വിജിലന്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യാന്‍ അനുമതി തേടി നാലുമാസം മുമ്പാണ് ഗവര്‍ണര്‍ക്ക് വിജിലന്‍സ് അപേക്ഷ സമര്‍പ്പിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
പാലാരിവട്ടം അഴിമതിക്കേസിന്റെ അന്വേഷണത്തിലെ നിര്‍ണായക വഴിത്തിരിവിലേക്കാണ് വിജിലന്‍സ് നീങ്ങിയിട്ടുള്ളത്. കേസില്‍ മുന്‍ മന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നകാര്യത്തില്‍ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിലാകും വിജിലന്‍സ് തീരുമാനമെടുക്കുക.
അതിനിടെ, ഇബ്രാഹീം കുഞ്ഞുമായി ബന്ധമുള്ള പത്രസ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെ കൊച്ചിയിലെ ഓഫീസില്‍വച്ച് വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. നോട്ട് നിരോധന കാലത്ത് മാധ്യമ സ്ഥാപനത്തിലേക്ക് പത്തുകോടി രൂപ വന്നുവെന്ന് പറയപ്പെടുന്ന വിഷയത്തിലാണിത്. ഈ കേസും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഇബ്രാഹീം കുഞ്ഞ് പ്രതിപ്പട്ടികയില്‍ എത്തിയാല്‍ ഒരുപക്ഷെ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണംകൂടി ഇബ്രാഹീം കുഞ്ഞിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.