തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ത്യയില്‍ ആദ്യമായി ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച് ബിജെപി

0
193

ദില്ലി: (www.mediavisionnews.in) കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും കേന്ദ്രഭരണകക്ഷിയായ ബിജെപി പ്രചാരണ രംഗത്ത് ചില പുതിയ പ്രവണതകള്‍ക്ക് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യാജ വീഡിയോ സാങ്കേതിക വിദ്യ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫേബ്രുവരി 7നാണ് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്‍വിയിലും ഉള്ള 44 സെക്കന്‍റുള്ള വീഡിയോ ആണ് ഇത്. ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്‍ട്ടിയെയും കെജ്രിവാള്‍ സര്‍ക്കാറിനെതിരെയും മനോജ് തിവാരി തന്‍റെ വിമര്‍ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ സാധാരണമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വീ‍ഡിയോയായി തോന്നാമെങ്കിലും ഇത് ഒരു ഫേക്ക് വീഡിയോ ആണെന്നതാണ് സത്യം. എന്തായാലും തങ്ങള്‍ ഇത്തരം ഡീപ്പ് ഫേക്ക് വീഡിയോകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ദില്ലിയിലെ ബിജെപി ഐടി സെല്‍. എന്നാല്‍ അത് പൊസറ്റീവായി മാത്രിമാണ് ഉപയോഗപ്പെടുത്തിയത് എന്നും ഇവര്‍ പറയുന്നു.

ഐഡിയാസ് ഫാക്ടറി എന്ന പൊളിറ്റിക്കല്‍ കമ്യൂണിക്കേഷന്‍ സ്ഥാപനം ഇതിനായി ദില്ലി ബിജെപി ഘടകത്തിന്‍റെ പങ്കാളികളായി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡീപ്പ് ഫേക്ക് ടെക്നോളജി ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തോത് കൂടുതല്‍ ഫലപ്രഥമാക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് വൈസിനോട് സംസാരിച്ച ദില്ലി ബിജെപി ഐടി സെല്‍ സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ് നീലകണ്ഠ ബക്ഷി സമ്മതിക്കുന്നു. പ്രത്യേക ഭാഷ സംസാരിക്കുന്ന വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ വേണ്ടി നിങ്ങള്‍ ചൂണ്ടികാട്ടിയ പ്രദേശിക ഭാഷയിലുള്ള വീഡിയോ സഹായിക്കും എന്നും ബിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന് പുറമേ എന്തൊക്കെ വീഡിയോ ഡീപ്പ് ഫേക്ക് സാങ്കേതികതയില്‍ ഇറക്കിയിട്ടുണ്ട് എന്നത് ബിജെപി വ്യക്തമാക്കുന്നില്ല.

എന്താണ് ഈ ഡീപ്പ് ഫേക്ക്

യഥാര്‍ത്ഥ്യം ഏത്, വ്യാജന്‍ ഏത് എന്ന് തിരിച്ചറിയാത്തവിധം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ തയ്യാറാകുന്ന വ്യാജ വീഡിയോകളാണ് ഡീപ്പ് ഫേക്ക് വീഡിയോകള്‍. എഐ സാങ്കേതിക വിദ്യയുടെ പുതിയ ആപത്ത് എന്ന് വിളിക്കപ്പെടുന്ന ഈ രീതിയിലുള്ള വീഡിയോകള്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നെതര്‍ലാന്‍റ് ആസ്ഥാനമാക്കിയ സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഡീപ്പ് ട്രൈസ് നടത്തിയ പഠനത്തില്‍ ഇപ്പോള്‍ സൈബര്‍ ലോകത്ത് വ്യാപകമായ ഡീപ്പ് ഫേക്ക് വീഡിയോകളില്‍ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here