തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി

0
194

ന്യൂദല്‍ഹി: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹരജി നല്‍കി മുസ്‌ലിം ലീഗ്. ഹൈക്കോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് ലീഗിന്റെ നീക്കം.

ഹരജി വന്നാല്‍ ലീഗിന്റെ വാദം കൂടി കേള്‍ക്കണമെന്നാണ് ആവശ്യം. നേരത്തെ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.

നാദാപുരം മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് സുപ്രീംകോടതിയില്‍ തടസ്സ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ധവെ ആയിരിക്കും ഹാജരാകുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇതിനെ ചോദ്യംചെയ്ത് യു.ഡി.എഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത്.

2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ വോട്ടര്‍ പട്ടിക സാമ്പത്തികബാധ്യതയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

എന്നാല്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം.

അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here