ന്യൂദല്‍ഹി: (www.mediavisionnews.in) ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്.
അക്രമികളാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരുമ്പോഴാണ് നുസ്റത്തുല്ലയ്ക്ക് വെടിയേറ്റത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്.
ഗോരഖ്പൂരിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ ഭൂസ്വത്തുള്ള വ്യക്തിയാണ് നുസ്റത്തുള്ള. ചില സ്ഥലങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും നിലനിന്നിരുന്നു.
അതേസമയം സംഭവത്തിന് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ് ജമീലിന് സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് 2018ല്‍ വെടിയേറ്റിരുന്നു. കഴിഞ്ഞ മാസം കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതാണ് കേസിന് കാരണം.
ഈ കേസില്‍ ജാമ്യം കിട്ടിയ ഉടനെ ദേശീയ സുരക്ഷാ നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കഫീലിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജയിലിലാണ് അദ്ദേഹം.