കാസര്‍കോട് (www.mediavisionnews.in): ഗുണ്ടാസംഘങ്ങളെയും പിടികിട്ടാപ്പുള്ളികളെയും അമര്‍ച്ച ചെയ്യാന്‍ കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങി. ഇന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊതു ജനങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങളും പിടിച്ചുപറിസംഘങ്ങളും സജീവമായതോടെയുള്ള അക്രമസംഭവങ്ങള്‍ ഏറിവന്നതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്.
കാസര്‍കോട് പള്ളത്തെ ഫൈസല്‍(45), ഉപ്പള മണിമുണ്ട സ്വദേശി ശംസുദ്ദീന്‍ (23) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു ക്രിമിനല്‍ കേസ് പ്രതിയും പിടിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഫൈസല്‍ മാല കവര്‍ച്ചക്കേസിലും ശംസുദ്ദീന്‍ മുത്തലിബ് വധക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പലതവണ വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇരുവരും ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജില്ലയില്‍ അഞ്ഞൂറോളം ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ ഹാജരാവാതെ മുങ്ങിനടക്കുന്നതായാണ് വിവരം. ഇതില്‍ പലരും ജില്ലക്ക് പുറത്തും വിദേശത്തുമാണ്. ഇവരെ പിടികൂടി കൊണ്ടുവരുന്നതടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും പരിശോധന തുടരുമെന്നും ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണന്‍ ഉത്തരദേശത്തോട് പറഞ്ഞു.
കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹീം, മഞ്ചേശ്വരം എസ്.ഐ. അനൂപ്, കുമ്പള എസ്.ഐ. എ. സന്തോഷ്, വിദ്യാനഗര്‍ എസ്.ഐ. യു. വിപിന്‍, സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍, ഓസ്റ്റില്‍ തമ്പി, ലക്ഷ്മി നാരായണന്‍, രാകേഷ്, തോമസ്, പ്രജീഷ് ഗോപാല്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.