തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കില്ലെന്നുള്ള നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനപ്പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാനത്തിലെ സെന്‍സസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സെന്‍സസിനൊപ്പം തന്നെ ജനസംഖ്യാപ്പട്ടികയും പുതുക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ കര്‍ശനനിര്‍ദേശം വന്നതിന് പിന്നാലെയാണ് കേരളത്തിന്റെ നടപടി.
എന്‍.പി.ആര്‍ പരിശീലനപ്പരിപാടികളിലേക്ക് ഉദ്യോഗസ്ഥരെ അയക്കേണ്ടതില്ലെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറി രേഖാമൂലം നിര്‍ദേശം നല്‍കി.
സെന്‍സസ് മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം വന്ന എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും ചോദ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതുകൂടാതെയാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട അറിയിപ്പില്‍ ഉദ്യോഗസ്ഥരെ പരിശീനപ്പരിപാടിക്ക് അയക്കേണ്ടതില്ലെന്ന കര്‍ശനനടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
സെന്‍സസ് കമ്മീഷണറും റജിസ്ട്രാര്‍ ജനറലുമായ വിവേക് ജോഷി സെന്‍സസ് ഉദ്യോസ്ഥര്‍ തന്നെ എന്‍.പി.ആര്‍ പട്ടിക പുതുക്കല്‍ കൂടി ചെയ്യുമെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്‍.പി.ആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര ഉദ്യോഗസ്ഥരിലൂടെ പട്ടികാ നടപടികള്‍ മുന്നോട്ട് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നടപടി.
ഇതുവരെ നടന്ന സെന്‍സസ് പരീശീലപ്പരിപാടികളില്‍ എന്‍.പി.ആര്‍ അനുബന്ധ വിഷയങ്ങളൊന്നും തന്നെ ക്ലാസുകളുടെ ഭാഗമല്ലായിരുന്നു എന്നാണ് പങ്കെടുത്ത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മെയ് 1 മുതല്‍ ആരംഭിക്കുമെന്നും എന്‍.പി.ആറുമായി ബന്ധപ്പെട്ട യാതൊരു പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.പി.ആറിനെക്കുറിച്ച് ജനങ്ങളാരും തന്നെ ആശങ്കപ്പെടേണ്ടതില്ലെന്നും സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. ശൈലേന്ദ്രയും കോഴിക്കോട് കളക്ടര്‍ ടി വി സുഭാഷും സെന്‍സസ് ട്രെയിനിംഗ് പരിപാടിയില്‍ സംസാരിക്കവേ അറിയിച്ചു.
എന്‍.പി.ആര്‍ ദേശീയ പൗരത്വപ്പട്ടികയിലേക്കുള്ള ആദ്യപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും നടപ്പിലാക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ എന്‍.പി.ആര്‍ സംബന്ധിച്ച എല്ലാ നടപടികളും കേരളസര്‍ക്കാര്‍ നിര്‍ത്തിവെച്ചത്.