ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമഭേദഗതിക്ക് എതിരെയും അനുകൂലിച്ചും തുടങ്ങിയ സംഘര്‍ഷം വര്‍ഗീയകലാപത്തിലേക്ക് വഴിമാറി. ഇതുവരെ ഒമ്പത് പേരാണ് കലാപത്തില്‍ മരിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനും എട്ട് പ്രദേശവാസികളുമാണ് മരിച്ചത്. ഇന്ന് മാത്രം 135 പേര്‍ക്ക് പരിക്കേറ്റു.
സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റു. ജെ.കെ. 24×7 റിപ്പോര്‍ട്ടര്‍ക്കാണ് നെഞ്ചില്‍ വെടിയേറ്റത്. മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ ആക്രമണമുണ്ടായി.
മതത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞാണ് ഇപ്പോഴത്തെ അക്രമം. ഡല്‍ഹിയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഡിസിപി അമിത് വര്‍മ ഉള്‍പ്പടെ 30 പൊലീസുകാര്‍ക്കും പരിക്കുപറ്റി.
ഇന്നലെ രാത്രി നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ ഇന്ന് രാവിലെ മുതള്‍ ജഫ്രാബാദ്, ഭജന്‍പുര, കബീര്‍ നഗര്‍, കാരവല്‍ നഗര്‍, വിജയ് പാര്‍ക്ക്, യമുന വിഹാര്‍, മൗജ്പൂര്‍ എന്നിവിടങ്ങിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഗോകുല്‍പുരിയില്‍ കടകള്‍ക്ക് തീവച്ചു. ജഫ്രാബാദിലേക്കുള്ള വഴിയില്‍ വാഹനങ്ങള്‍ കത്തിച്ചു.
അക്രമങ്ങള്‍ക്കിടെ വെടിവെപ്പും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിയേറ്റ നിലയില്‍ രണ്ട് പേരെ ഡല്‍ഹി ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പൊലീസുകാര്‍ക്കെതിരെ തോക്ക് ചൂണ്ടിയ ഗോകുല്‍പുരി സ്വദേശി ഷാരൂഖ് എന്നയാളെ പൊലീസ് ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പുറത്തുനിന്ന് വരുന്നവരെത്തി അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് വ്യാപകമായി ആരോപണമുയരുന്നുണ്ട്.
പേരും മതവും ചോദിച്ചാണ് ആക്രമണം. ഇന്നലെ നിരവധി പെട്രോള്‍ ബങ്കുകള്‍ക്ക് കലാപകാരികള്‍ തീയിട്ടു. അമ്പതിലധികം വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഗോകുല്‍പുരിയില്‍ ടയര്‍ മാര്‍ക്കറ്റും കത്തിച്ചു. മൗജ്പൂരില്‍ ഇന്ന് രാവിലെ ഒരു ഇ- റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നേരെ അക്രമമുണ്ടായി, ഇവരെ കൊള്ളയടിച്ച് കയ്യിലുള്ളത് മുഴുവന്‍ അക്രമികള്‍ കൈക്കലാക്കി. മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
അക്രമി സംഘത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയുണ്ടാകുന്നില്ല. ടൈംസ് ഫോട്ടോഗ്രാഫറോട് ഹിന്ദുവാണോ മുസ്ലീമാണോ എന്ന് അറിയാന്‍ വസ്ത്രമൂരാന്‍ സംഘപരിവാര്‍ സംഘം ആവശ്യപ്പെട്ടത് നേരത്തെ വാര്‍ത്തയായിരുന്നു. പള്ളി കത്തിച്ചത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരും ആക്രമണത്തിനിരയായി.