എസ്.എ.പി ക്യാമ്പിൽ റെയ്ഡ്; 350 വ്യാജ കെയ്സുകൾ പിടിച്ചെടുത്തു,​ പൊലീസ് മുദ്ര നിർമ്മിച്ചത് വെടിയുണ്ട ഉരുക്കി, ഗുരുതരമായ കുറ്റകൃത്യമെന്ന് ക്രൈംബ്രാഞ്ച്

0
228

തിരുവനന്തപുരം:(www.mediavisionnews.in) വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്.എ.പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 350 ഓളം വെടിയുണ്ടയുടെ വ്യാജ കെയ്സുകൾ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകൾ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. എസ്.എ.പി ക്യാമ്പിലെ പോഡിയത്തിൽ സ്ഥാപിച്ച എംബ്ലം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എസ്എപി മുദ്ര കാലി കെയ്‍സുകള്‍ ഉരുക്കിയുണ്ടാക്കിയതാണെന്നാണ് സംശയം. പിച്ചളയില്‍ നിര്‍മ്മിച്ച മുദ്രയാണ് പിടിച്ചെടുത്തത്. സംഭവം ഗുരുതരമായ കുറ്റകൃത്യമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും .കാലി കെയ്സുകള്‍ ഉരുക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അതേസമയം പൊലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാർ അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും,​ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തൃശ്ശൂർ മലയാളവേദി സംസ്ഥാന പ്രസിഡൻറ് ജോർജ് വട്ടുകുളം നൽകിയ ഹർജിയാണ് തള്ളിയത്.

സംഭവത്തില്‍ 11 പൊലീസുകാരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശിച്ചിരുന്നു. കേസിന്‍റെ അന്വേഷണത്തിനായി ഐജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്‍പി ഷാനവാസ് കേസ് അന്വേഷിക്കും.

അതേസമയം വെടിയുണ്ടകൾ കാണാതായതിൽ സിബിഐ അല്ലെങ്കിൽ എൻഐഎ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു പുതിയ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. കോട്ടയം സ്വദേശി രാമചന്ദ്ര കൈമൾ ആണ് ഹർജിക്കാരന്‍.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്, പൊലീസിന്റെ നിരവധി തോക്കുകളും ആയിരക്കണക്കിന് തിരകളും കാണാനില്ലെന്നും പർച്ചേസിൽ ഉൾപ്പെടെ ഭീമമായ ക്രമക്കേടുകൾ നടന്നെന്നുമായിരുന്നു നേരത്തെ പുറത്ത് വന്ന സി.എ.ജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here