കാസർകോട്: (www.mediavisionnews.in) അതിർത്തി കേന്ദ്രീകരിച്ചുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ശക്തമായി നിയന്ത്രിക്കുമെന്നു സ്ഥാനമേറ്റ പുതിയ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു. അതിർത്തിയിൽ ക്രിമിനലുകൾക്കു കടന്നുവരാനും പോകാനും ധാരാളും ഈടുവഴികൾ ഉണ്ടെന്നതാണ് പൊലീസിനെ മിക്കപ്പോഴും കുഴക്കുന്നത്. ഒരിടത്തു പരിശോധന ശക്തമാക്കിയാലും രക്ഷപ്പെടാൻ വേറെ വഴികളുണ്ട്. ഇതു പരിഹരിക്കാനുള്ള മാർഗത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് മംഗളൂരു കമ്മിഷണറുമായി ചർച്ച ചെയ്യും. മഞ്ചേശ്വരം സ്റ്റേഷൻ വിഭജിച്ച് ഉപ്പള കേന്ദ്രമായി മറ്റൊരു സ്റ്റേഷൻ കൂടി രൂപീകരിക്കാനുള്ള നിർദേശം നേരത്തേ സമർപ്പിച്ചിട്ടുണ്ട്. വലിയൊരു പ്രദേശത്തെ ക്രമസമാധാനത്തിനായി ചെറിയൊരു സ്റ്റേഷൻ മാത്രമാണു മഞ്ചേശ്വരത്തുള്ളത് എന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്റ്റേഷൻ വിഭജനം സാധ്യമാക്കാനുള്ള നടപടികളുണ്ടാകും.
കാസർകോട് നഗരത്തിൽ പൊലീസ് സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തിക്കാത്തതു സംബന്ധിച്ച് അന്വേഷണം നടത്തും. പോക്സോ കേസുകൾ കൂടുതലാണ്. ഈ നിയമം ദുരുപയോഗം ചെയ്യുന്നതായും കാണുന്നുണ്ട്. അതിർത്തി കേന്ദ്രീകരിച്ചുള്ള ലഹരി കടത്ത്, ഗുണ്ടാ ആക്രമണം എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടു മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു കൂടുതൽ നടപടി.
കോട്ടയം ജില്ലാ പൊലീസ് മേധാവി സ്ഥാനത്തു നിന്നാണു കാസർകോടേക്ക് എത്തുന്നത്. നേരത്തേ പാലക്കാട് ജില്ലാ പൊലീസ് മേധാവിയായിരുന്നു. പത്തനംതിട്ട ജില്ലയിലെ മക്കപ്പുഴയിലാണു വീട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.