ആറു ജില്ലകളില്‍ ഇന്ന് കടുത്ത ചൂട്: ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി ദുരന്ത നിവാരണ അതോറിറ്റി

0
174

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ ആറു ജില്ലകളില്‍ ചൊവ്വാഴ്ച വര്‍ധിച്ച ചൂട് അനുഭവപ്പെടാന്‍ സാധ്യത. രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞത്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചൂടു കൂടുമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കണ്ണൂരും കോഴിക്കോടും തിങ്കളാഴ്ച 36 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. കണ്ണൂരില്‍ 2.6 ഡിഗ്രി സെല്‍ഷ്യസിന്റെയും കോഴിക്കോട് 3.4 ഡിഗ്രി സെല്‍ഷ്യസിന്റെയും വര്‍ധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

ചൂടുകൂടുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പകല്‍ 11 മണിമുതല്‍ മൂന്നു മണിവരെ പുറത്തിറങ്ങരുതെന്നും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here