ന്യൂഡല്‍ഹി: (www.mediavisionnews.in) ‘ഷഹീന്‍ ബാഗിലെ പോരാളികള്‍ക്ക് അന്നമൂട്ടാന്‍ വാഹിഗുരു എന്നോട് ആവശ്യപ്പെട്ടു. ഒട്ടും അമാന്തിച്ചില്ല. ഇവിടെ ഭക്ഷണശാല (ലങ്കര്‍) തുടങ്ങി. രാജ്യത്തിന്റെ സത്ത കാക്കാനായി പോരാടുന്നവര്‍ക്ക് സൗജന്യ ഭക്ഷണം’- പറയുന്നത് ഒരു മുസ്‌ലിമല്ല. തലപ്പാവണിഞ്ഞ സിഖ് യുവാവാണ്. അഡ്വ. ഡി.എസ് ബിന്ദ്ര. നാള്‍ കുറച്ചായി ഈ ഭക്ഷശാല തുടങ്ങിയിട്ട്.
സിഖ്മത വിശ്വാസികളുടെ പാരമ്പര്യം അനുസരിച്ച് ഒരിക്കല്‍ ലങ്കര്‍ തുടങ്ങിയാല്‍ ഭക്ഷണം ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ അത് നൽകുകതന്നെ വേണം. അതിനെത്ര ചെലവ് വരുമെന്നത് ഈ പാരമ്പര്യത്തെ ബാധിക്കാന്‍ പാടില്ല. ഇതിനും ബിന്ദ്ര പരിഹാരം കണ്ടെത്തി. ഭക്ഷമ ശാല നടത്താനുള്ള ചെലവിലേക്കായി തന്‍രെ മൂന്ന് ഫ്ലാറ്റുകളില്‍ ഒന്ന് വിറ്റ് കളഞ്ഞു ഈ ചെറുപ്പക്കാരന്‍.
വിഭജനത്തിന്റെയും ഭിന്നിപ്പിന്റെയും വിഷവിത്തുകള്‍ എറിഞ്ഞ് ഈ നാട്ടിലെ സാഹോദര്യത്തെ തകര്‍ക്കാമെന്നും അങ്ങിനെ അതിനുമേല്‍ അധികാരത്തിന്റെ കോട്ട കെട്ടിപ്പടുക്കാമെന്നും വ്യമോഹിച്ചവര്‍ക്കുനേരെയുള്ള മുഖമടച്ച് അടിയാണ് ഈ കുഞ്ഞു ഭക്ഷണ ശാല. മതങ്ങള്‍ക്കും ജാതികള്‍ക്കും വംശങ്ങള്‍ക്കുമപ്പുറം ‘ ഇന്ത്യന്‍’ എന്ന വികാരത്തിനു കീഴില്‍ കെട്ടുറപ്പേറെയാണെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ് ഈ ജനത ഒരോനാളുകൂടുംതോറും. അങ്ങ് ഷഹീന്‍ബാഗ് തന്നെയാണ് ഈ സനേഹപ്പോരട്ടത്തിന്റെ ഉദാഹരണം.
നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്ന വല്ലാത്തൊരു അനിശ്ചിതാവസ്ഥയില്‍ പുറംലോകം ഏറെയൊന്നും കാണാത്ത, പുറംലോകവുമായി ഇടപഴകി ശീലമില്ലാത്ത കുറച്ച് മുസ്‌ലിം സ്ത്രീകള്‍ നടുറോഡിലേക്കിറങ്ങി. മുസ്‌ലിങ്ങളുടെ സമരമെന്ന മുദ്ര ചാര്‍ത്തി അരികുവല്‍ക്കരിക്കാന്‍ തല്‍പരകക്ഷികള്‍ കിണഞ്ഞു ശ്രമിച്ചിട്ടും വിജയിക്കാത്ത ഈ സമരത്തില്‍ ഇപ്പോള്‍ നാനാജാതി മതസ്ഥരുണ്ട്. പതിനായിരങ്ങളാണ് ഇവിടെ സമരം ചെയ്യുന്നത്. ഇക്കൂട്ടത്തിലെ സിഖ് സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. അഞ്ഞൂറിലേറ് സിഖ് കര്‍ഷകരാണ് കഴിഞ്ഞ ദിവസം സമരത്തിന് ഐക്യദാര്‍ഢ്യവുമായി പന്തലിലെത്തിയത്.
‘രാജ്യത്തെ ഹിന്ദു- മുസ്‌ലിം- സിഖ് ഐക്യം തുറന്നു കാട്ടണമെന്നാണ് എന്റെ ആഗ്രഹം. അതു കൂടിയാണ് ഭക്ഷണശാലക്കു പിന്നില്‍ തങ്ങള്‍ സഹോദരങ്ങളാണെന്ന മുദ്രാവാക്യം സമരപ്പന്തലില്‍ മുഴങ്ങുന്നുണ്ട്. മുദ്രാവാക്യം മുഴക്കാന്‍ എളുപ്പമാണ്. എന്നാല്‍ അത് നടപ്പിലാക്കാന്‍ കുറച്ച് പ്രയാസമുണ്ട്’- ബിന്ദ്ര പറയുന്നു.
ബിന്ദ്രയുടെ ഭക്ഷണശാലക്ക് അഭിനന്ദനം ഏറെയാണ്. എന്നാല്‍ പൊലിസും ഭരണകൂടവും ഇതില്‍ തല്‍പരരല്ല. ഒരു ദിവസം പൊലിസ് വന്ന് ഭക്ഷണ ശാലയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു- ബിന്ദ്ര പറഞ്ഞു.
ഷഹീന്‍ബാഗിലെ വീട്ടമ്മമാരെ കുറിച്ചു പറയാന്‍ ആയിരം നാവാണ് ബിന്ദ്രക്ക്. ഇവര്‍ സാധാരണ മനുഷ്യസ്ത്രീകളല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇവര്‍ അചഞ്ചലരായ സിഹിംണികളാണ്. ഇരുപത് ദിവസമായി ഭക്ഷശാല തുടങ്ങിയിട്ട്. ഇത3യും ദിവസം സമരം നീണ്ടു പോകുമെന്ന് താന്‍ പ്രതീക്ഷിച്ചിട്ടില്ല. അതാണ് ആര്‍ജ്ജവം. സമരം തുടരുന്നിടത്തോളം തന്റെ ഭക്ഷണശാല ഇവിടെ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു പറയുന്നു.
‘ഞങ്ങള്‍ ഇവിടെ ചരിത്രം രചിക്കുകയാണ്. ഷഹീന്‍ബാഗിലെ സമരം ഓര്‍മിക്കപ്പെടുന്നിടത്തോളം എന്റെ ഈ കുഞ്ഞു ഭക്ഷണശാലയും ഓര്‍മിക്കപ്പെടും’- വല്ലാത്തൊരു നിര്‍വൃതിയില്‍ ആ ചെറുപ്പക്കാരന്‍ വികാരാധീനനാവുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ സമരക്കാരോട് സംസാരിക്കാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാവും- അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.