ആണ്‍കുഞ്ഞിനെ വളര്‍ത്താന്‍ മോഹം; സൗദി വനിത മോഷ്ടിച്ചത് 3 കുഞ്ഞുങ്ങളെ; 27 വര്‍ഷത്തിന് ഒടുവില്‍ കള്ളം പൊളിഞ്ഞു; സ്വന്തം മാതാപിതാക്കളെ തേടി യുവാക്കള്‍

0
186

റിയാദ്: (www.mediavisionnews.in) തന്റെ കുഞ്ഞുങ്ങളെല്ലാം പെണ്‍കുട്ടികളായതടോടെ ആണ്‍കുഞ്ഞിനെ വളര്‍ത്താന്‍ മോഹിച്ച സൗദിയിലെ വനിത മോഷ്ടിച്ചത് മൂന്ന് ആണ്‍കുട്ടികളെ. ഒടുവില്‍ 27 വര്‍ഷത്തിനു ശേഷം പോലീസ് തെളിവുസഹിതം ഇവരെ പിടികൂടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ മോഷ്ടിച്ച ഇവര്‍ പിടിക്കപ്പെടാതായപ്പോള്‍ ഇവര്‍ മൂന്ന് വര്‍ഷത്തിനിടെ മറ്റ് രണ്ട് കുഞ്ഞുങ്ങളെ കൂടി മോഷ്ടിക്കുകയായിരുന്നു.

ദമ്മാമിലെ ഒരു ആശുപത്രിയില്‍നിന്നാണ് നഴ്‌സായി ആള്‍മാറാട്ടം നടത്തി ഇവര്‍ മൂന്ന് നവജാത ശിശുക്കളെ മോഷ്ടിച്ചത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി വളര്‍ത്തിയ മറിയം എന്ന സൗദി വനിതയാണ് ആദ്യമോഷണം നടത്തി 27 വര്‍ഷത്തിനുശേഷം പിടിയിലായത്.

കുട്ടികള്‍ വലുതായി യുവാക്കളായപ്പോള്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നേടാന്‍ നടത്തിയ ശ്രമമാണ് വീട്ടമ്മയെ പോലീസിന്റെ കൈകളിലെത്തിച്ചത്. ഹോളിവുഡ് സിനിമയെ വെല്ലുന്ന ഈ മോഷണകഥ ഇപ്പോള്‍ രാജ്യത്ത് വന്‍ വാര്‍ത്തയാണ്. ഇതിലൊരു യുവാവിനെ, ഡിഎന്‍എ പരിശോധനയിലൂടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്തി കൈമാറാന്‍ പോലീസിന് കഴിഞ്ഞതോടെ സംഭവം സംബന്ധിച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മൂന്ന് ആണ്‍മക്കളില്‍ രണ്ടുപേരുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ മറിയം ജനന രേഖകള്‍ ഒന്നും ഇല്ലാത്തതിനാലാണ് പിടിയിലായത്. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇവര്‍ പതറി. ഒടുവില്‍, 20 വര്‍ഷം മുമ്ബ് ഈ കുട്ടികളെ തനിക്ക് കളഞ്ഞുകിട്ടിയതാണെന്ന് അവര്‍ വിശദീകരിച്ചു. സംശയം തോന്നി പോലീസ് മേഖലയില്‍നിന്ന് കാണാതായ കുഞ്ഞുങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് സംശയം ബലപ്പെട്ടത്.

ഒപ്പം അപേക്ഷ നല്‍കിയ രണ്ട് യുവാക്കളുടെയും ഡിഎന്‍എ പരിശോധനയും നടത്തി. ഇതോടെ മൂന്ന് ആണ്‍കുഞ്ഞുങ്ങളെ ദമ്മാമിലെ ആശുപത്രിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് മറിയം ചോദ്യം ചെയ്യലില്‍ സമ്മതിച്ചു

ആദ്യത്തെ കുഞ്ഞിനെ 1993ലാണ് മോഷ്ടിച്ചത്. രണ്ടാമത്തേത് 1996ലും മൂന്നാമത്തേത് 1999ലും. അവസാന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആശുപത്രിയില്‍നിന്ന് പോലീസ് ശേഖരിച്ചു. കുഞ്ഞിനെ മറിയം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

അതേസമയം, ഡിഎന്‍എ പരിശോധനയില്‍ ആദ്യത്തെ കുട്ടിക്ക് സ്വന്തം മാതാപിതാക്കളെ ഇപ്പോള്‍ തിരിച്ചുകിട്ടുകയും ചെയ്തു. 27 വയസ്സുള്ള നായിഫിനാണ് തന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തെത്താന്‍ കഴിഞ്ഞത്. പാട്ടുപാടി ആഹ്ലാദ നൃത്തം ചവിട്ടിയാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും നായിഫിനെ വരവേറ്റത്. ബാക്കി രണ്ട് യുവാക്കളുടെയും മാതാപിതാക്കളെയും കുടുംബ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here