കുവൈത്ത് സിറ്റി (www.mediavisionnews.in) : കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെയും രാജ്യത്തെയും അനാദരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് വോട്ടവകാശം പോലും ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ് പറഞ്ഞു. ട്വിറ്ററിലൂടെ അമീറിനെ അനാദരിക്കുന്ന പ്രസ്താവനകളിറക്കിയവരെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയതായും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പാര്‍ലമെന്റ് അംഗവും പ്രതിപക്ഷ ഇസ്ലാമിസ്റ്റ് ചേരിയിലെ പ്രമുഖ നേതാവുമായ മുസല്ലം അല്‍ ബര്‍റാക് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇങ്ങനെ വോട്ടവകാശം നഷ്ടമായിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
പുതുതായി വോട്ടര്‍മാരെ ചേര്‍ക്കാനും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ പട്ടികയില്‍നിന്ന് നീക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തില്‍ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകള്‍ക്ക് വിധേയമായാണ് വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാര്ക്ക് വോട്ടില്ല. തടവുപുള്ളികള്‍, 20 വര്‍ഷത്തിനിടെ പൗരത്വം നേടിയവര്‍, പൊലീസുകാര്‍, സൈനികര്‍, കൊടുംകുറ്റവാളികള്‍ എന്നിവര്‍ക്കും വോട്ടുണ്ടാവില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.