അന്ന് ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍, ഇന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ ഉന്നതസ്ഥാനത്ത്

0
166

ന്യൂദല്‍ഹി: (www.mediavisionnews.in) അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഉന്നതസ്ഥാനങ്ങള്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍.

1992ല്‍ ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ മഹാന്ത് നൃത്ത ഗോപാല്‍ ദാസ്, ചമ്പത് റായ് എന്നിവരെയാണ് ഫെബ്രുവരി 19 ന് നടന്ന ട്രസ്റ്റിന്റെ ആദ്യ യോഗത്തിലേക്ക് ക്ഷണിച്ചത്. രാം മന്ദിര്‍ ട്രസ്റ്റില്‍ ഉന്നത സ്ഥാനങ്ങളാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.

ആദ്യം ഇവരെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് ട്രസ്റ്റിന്റെ ആദ്യ യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയക്കുകയായിരുന്നു.

ഗോപാല്‍ ദാസിനേയും ചമ്പത് റായിയേയും ട്രസ്റ്റില്‍ ഉള്‍പ്പെടുത്തിയ  നടപടി സുപ്രീം കോടതിയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാണെന്ന് അയോധ്യകേസില്‍ മുസ്‌ലിം അപേക്ഷകര്‍ക്കായി വാദിച്ച പ്രധാന അഭിഭാഷകന്‍ സഫര്യാബ് ജിലാനി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം രൂപീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ട്രസ്റ്റ് രൂപീകരിക്കുന്ന കാര്യം ലോക്സഭയില്‍ നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി അഞ്ചിന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ട്രസ്റ്റിയായി മുന്‍ അറ്റോര്‍ണി ജനറലും അയോധ്യകേസിലെ ഹിന്ദു ഭാഗത്തിന്റെ അഭിഭാഷകനുമായിരുന്ന കെ.പരസരനെയാണ് നിയമിച്ചത്.

അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപീകരിച്ചതുപൊലെ പള്ളിപണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന ആവശ്യവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു.

” ക്ഷേത്രത്തിന് വേണ്ടി നിങ്ങള്‍ക്ക് ട്രസ്റ്റ് രൂപീകരിക്കാമെങ്കില്‍ എന്തുകൊണ്ട് പള്ളിക്ക് വേണ്ടി അത് ആയിക്കൂടാ. രാജ്യം എല്ലാവരുടേതുമാണ്,” എന്നാണ് പവാര്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here