ട്രിനിഡാഡ് (www.mediavisionnews.in) : ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ തന്റെ 400 റണ്‍സ് മറികടക്കാന്‍ നിലവില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമേ കഴിയൂവെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രായാന്‍ ലാറ. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ്മ, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ആ ഐതിഹാസിക റെക്കോഡ് മറികടക്കാന്‍ സാദ്ധ്യതയുളള താരങ്ങളാണ് ലാറ എണ്ണുന്നത്.
‘വാര്‍ണറെ പോലൊരു താരം അത് മറികടക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കോഹ്ലിയെ പോലൊരു താരത്തിന് നേരത്തെ അവസരം കിട്ടുകയാണെങ്കിലും നമുക്ക് ഇത് പ്രതീക്ഷിക്കാം. വളരെ ആക്രമണോത്സുകനായ താരമാണയാള്‍. ഫോമായാല്‍ രോഹിത്തിനും അത് സാധിയ്ക്കും’ ലാറ പറഞ്ഞു.
അതെസമയം സ്റ്റീവ് സ്മിത്തിന് 400 റണ്‍സ് മറികടക്കാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലാറ കൂട്ടിചേര്‍ത്തു. സ്മിത്ത് മികച്ച ബാറ്റ്സ്മാനാണെന്ന കാര്യത്തില്‍ തനിയ്ക്ക് ഒരു സംശയമില്ലെന്നും എന്നാല്‍ നാലാം നമ്പറില്‍ കളിക്കുന്ന സ്മിത്തിന് ചില പരിമിതികളുമുണ്ടെന്നും ലാറ പറഞ്ഞു.
2004-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ബ്രയാന്‍ ലാറ 400 റണ്‍സ് അടിച്ച് ചരിത്രമെഴുതിയത്. 582 പന്തില്‍ 43 ഫോറും നാല് സിക്‌സും സഹിതമാണ് ലാറ അന്ന് പുറത്താകാതെ 400 റണ്‍സ് അടിച്ചെടുത്തത്. ലാറയുടെ മികവില്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റിന് 751 റണ്‍സാണ് നേടിയത്.