കുമ്പള: (www.mediavisionnews.in) ബംബ്രാണയിൽ മദ്രസ വിദ്യാർത്ഥികളെ സംഘപരിവാർ പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് നാട്ടുകാർ രംഗത്ത്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് പരിസരത്തെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി മടങ്ങുകയായിരുന്ന ബംബ്രാണ ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികളായ ഹസൻ സെയ്ദ്, മുനാസ് എന്നീ വിദ്യാർത്ഥികളെ സംഘപരിവാർ പ്രവർത്തകരായ രവി, മകൻ കിരൺ, കിഷോർ എന്നിവർ ചേർന്ന് ആക്രമിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികളെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിന് പകരം പ്രതികളിൽ ഒരാളെ പിടിച്ചു കൊടുത്ത നാട്ടുകാരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമം എന്ന് നാട്ടുകാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ നാട്ടുകാർ പ്രതികളിൽ ഒരാളെ വാഹനത്തിനകത്ത് തടഞ്ഞുവെക്കുകയും ഏകദേശം 45 മിനിറ്റ് ശേഷം എത്തിയ പൊലീസിന് കൈമാറുകയുമായിരുന്നു. എന്നാൽ നാട്ടുകാർ ആക്രമിച്ചതായി വരുത്തിത്തീർക്കുന്നതിന് വേണ്ടി പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് അദ്ദേഹത്തിൻറെ മൊഴിയനുസരിച്ച് നാട്ടുകാർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ, പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീൻ കുമ്പള പോലീസ് സ്റ്റേഷനിൽ എത്തി സി.ഐയെ കണ്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ പ്രതിക്ക് നാട്ടുകാരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണത്രെ സർക്കിൾ ഇൻസ്പെക്ടർ എം.എൽ.എ.യോട് പറഞ്ഞത്. എന്നാൽ രാത്രി 11 മണിയോടെ പൊലീസ് കൊണ്ടുപോയ ‘ഗുരുതരമായി പരിക്കേറ്റ’ പ്രതി കിരൺ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ബംബ്രാണ ജംഗ്ഷനിൽ തിരിച്ചെത്തുകയും നാട്ടുകാർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. കാറിൽ ആയുധങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ടെന്നും കണ്ടിട്ടില്ലെന്നും സി.ഐ പറഞ്ഞതായും എം.എൽ.എ.യോടൊപ്പമുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പറഞ്ഞു. ഓടിപ്പോയ മറ്റ് രണ്ടു പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ഇതുവരെ നടത്തിയിട്ടില്ല.
അറസ്റ്റിലായ കിരൺ ഇതിനുമുമ്പും മദ്രസ കുട്ടികളെ തടഞ്ഞുനിർത്തി തലയിൽ ധരിച്ച തൊപ്പിയെടുത്ത് താഴെ വെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത് പോലീസിൽ അറിയിച്ചപ്പോൾ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തു വിടുകയാണ് പോലീസ് ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു. മറ്റൊരിക്കൽ ബൈക്കിൽ എത്തിയ കിരൺ മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന പെൺകുട്ടികളെ തടഞ്ഞു നിർത്തിയപ്പോൾ കുട്ടികൾ ബഹളം വച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
ഈ കേസിലെ മറ്റൊരു പ്രതിയും കിരണിന്റെ അച്ഛനുമായ രവിക്കെതിരെയും മുമ്പ് സമാനമായ കേസുകൾ ഉണ്ടായിരുന്നുവത്രെ. അതേ സമയം ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മൂന്നാമത്തെ ആൾ നിരവധി കേസുകളിൽ പ്രതിയാണെന്നും നാട്ടുകാർ ആരോപിച്ചു.
വാർത്ത സമ്മേളനത്തിൽ ബംബ്രാണ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എം.പി മുഹമ്മദ്, പള്ളി ഖത്വീബ് ജുനൈദ് ഫൈസി, സദർ മുഅല്ലിം സക്കീർ മുസ്ലിയാർ, കമ്മിറ്റി സെക്രട്ടറിമാരായ എം.പി ഖാലിദ്, ഫഹദ് കെ.എസ്, അബ്ദുല്ല ബി.എം, അബ്ദുൽ റഹിമാൻ ബത്തേരി, അബ്ദുല്ല അല്ലിക്ക, അബ്ബാസ് തെല്ലത്ത് വളപ്പ്, മൂസ ദിഡുമ, നിസാർ മൊഗർ എന്നിവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക