തിരുവനന്തപുരം: (www.mediavisionnews.in) സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും മതപഠനം പാടില്ലെന്നും സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഈ നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് അടച്ചുപൂട്ടാമെന്നും വിധിയില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ലന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസിലാക്കി വളരേണ്ടവരാണ് കുട്ടികളെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ അടച്ചുപൂട്ടിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയില്‍ വിധി പറയവേയാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുന്നത് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കോടതിയെ സമീപിക്കുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക