മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മിയാപദവിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട സ്കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.
അധ്യാപികയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു. ഇയാളുടെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. വാഹനത്തിലാണ് മൃതദേഹം കടൽക്കരയിൽ എത്തിയതെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂളിൽ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.
തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക