കുമ്പള: (www.mediavisionnews.in) ബംബ്രാണയിൽ കഴിഞ്ഞ ദിവസം ദർസ് വിദ്യാർത്ഥികൾക്കു നേരെ നടന്ന സംഘപരിവാർ അക്രമത്തിൽ പ്രതികൾക്കു മേൽ നിസാര വകുപ്പുകൾ ചാർത്തി കേസിൽ പ്രതികളായവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനുള്ള പൊലീസ്-ഭരണകൂട നീക്കത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് പരിഹാരവും നീതിയും കാണുന്നതുവരെ നിയമപരമായും സമരമുഖത്തും പോരാട്ടം ശക്തമാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു.
സംഭവത്തിൽ നിസാര വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പ്രേരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നീതി നിഷേധത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ.എം അഷ്റഫ്.
നിയമത്തിന്റെ എല്ലാ സാധ്യതകളും തേടി പൊലിസ് – സംഘപരിവാർ – സി.പി.എം കള്ളകളിയെ പൊളിച്ചെടുക്കും. ആഭ്യന്തരം കയ്യാളുന്ന സി.പി.എമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാടും അവരുടെ കള്ള പ്രചരണങ്ങളും സംശയത്തോടെ മാത്രമെ നോക്കി കാണാനാകൂയെന്നും സി.പി.എമ്മിന്റെ കപടമുഖം വെളിച്ചത്ത് കൊണ്ടുവരുന്നതുവരെ യൂത്ത് ലീഗിന് വിശ്രമമില്ലെന്നും എ.കെ.എം കൂട്ടിച്ചേർത്തു. പ്രതിഷേധ മാർച്ചിൽ പൊലീസുമായി നേരിയ ഉന്തും തള്ളുമുണ്ടായി.
പ്രസിഡന്റ് എ. മുക്താർ അധ്യക്ഷനായി. ജന:സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി. അബ്ദുൽ കാദർ, മണ്ഡലം ജന: സെക്രട്ടറി എം. അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജന: സെക്രട്ടറി ടി.ഡി കബീർ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ്, അഷ്റഫ് കൊടിയമ്മ, ബി.എൻ മുഹമ്മദലി, യൂസുഫ് ഉളുവാർ, അസീസ് കളത്തൂർ, യു.കെ സൈഫുള്ള തങ്ങൾ, എം.പി ഖാലിദ്, ഇർഷാദ് മൊഗ്രാൽ, കെ.എഫ് ഇഖ്ബാൽ, നിയാസ് മൊഗ്രാൽ, ഹക്കീം കണ്ടിഗെ, സിദ്ധിഖ് ദണ്ഡഗോളി, നൗഫൽ ന്യൂയോർക്, സിദ്ധിഖ് മഞ്ചേശ്വരം സംബന്ധിച്ചു.