ദില്ലി:(www.mediavisionnews.in) പ്രക്ഷോഭങ്ങളും എതിർപ്പും ശക്തമായി തുടരുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ചട്ടം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
രാജ്യവ്യാപകമായി പൗരത്വനിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുമ്പോഴും കേന്ദ്രം മുന്നോട്ട് തന്നെയാണ്. ചട്ടം ഇന്ന് മുതൽ നിലവിൽ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്, നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. സുപ്രീം കോടതിയിൽ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.