നന്ദിനി പാലിന് നാളെ മുതൽ 2 രൂപ കൂടും ; ലീറ്ററിന് ഇനി 38 രൂപ

0
178

ബെംഗളൂരു: (www.mediavisionnews.in) കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നിയന്ത്രണത്തിലുള്ള നന്ദിനി പാലിനും തൈരിനും നാളെ മുതൽ ലീറ്ററിന് 2 രൂപ കൂടും. ലീറ്ററിന് 2 രൂപ മുതൽ 3 രൂപവരെ വില വർധിപ്പിക്കാനായിരുന്നു കെഎംഎഫ് നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഉൽപാദനച്ചെലവു വർധിച്ച സാഹചര്യത്തിലാണ് 3 വർഷത്തിന് ശേഷം പാൽ വില കൂട്ടുന്നതെന്ന് കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു. 2017 ഏപ്രിലിലാണ് അവസാനമായി പാലിന് 2 രൂപ വില കൂട്ടിയത്.

പ്രളയത്തെ തുടർന്ന് വടക്കൻ കർണാടകയിൽ പാലുൽപാദനത്തിൽ വന്ന കുറവു കാരണവും ക്ഷീരകർഷകർക്ക് ആശ്വാസ വില നൽകുന്നതിനുമാണ് വില വർധന ആവശ്യപ്പെട്ട് കെഎംഎഫ് സംസ്ഥാന സർക്കാരിന് 2 ആഴ്ച മുൻപ് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.

നിലവിൽ ലീറ്ററിന് 36 രൂപയുള്ള ടോൺഡ് മിൽക്കിന് (നീല കവർ) 38 രൂപയും തൈരിന് 38 രൂപയിൽ നിന്ന് 40 രൂപയായും വിലയുയരും. അരലീറ്റർ ടോൺഡ് മിൽക്കിന് 18 രൂപയിൽ നിന്ന് 19 രൂപ ആയും തൈരിന് 19 രൂപയിൽ നിന്ന് 20 രൂപയായും വില ഉയരും.

നന്ദിനി ബ്രാൻഡിലുള്ള പാൽപ്പൊടി, മിൽക് പേട, ഐസ്ക്രീം, ഫ്ലേവേഡ് മിൽക്ക് എന്നിവയുടെ വിലയിലും മാറ്റമുണ്ടാകും. ടോൺഡ് മിൽക്കിന് പുറമേ ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക്, സ്റ്റാൻഡഡൈസ്ഡ് മിൽക്ക്, ഹോമൊജനൈസ്ഡ് സ്റ്റാൻഡേഡ് മിൽക്ക്, സമൃദ്ധി ഫുൾ ക്രീം മിൽക്ക്, സ്പെഷൽ മിൽക്ക് എന്നീ പേരുകളിലാണ് പാൽ വിപണിയിലെത്തിക്കുന്നത്. വിശദമായ വിലവിവരപ്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

പാൽവില വർധിപ്പിക്കുന്നതോടെ ചായ, കാപ്പി, മിൽക്ക് ഷെയ്ക്കുകൾ എന്നിവയുടെ വിലയും ഉയരും. ചായയ്ക്ക് ഒരു രൂപ മുതൽ രണ്ട് രൂപ വരെ വിലവർധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. നിലവിൽ 8 രൂപ മുതൽ 10 രൂപ വരെ ഹാഫ് ചായക്ക് ഈടാക്കുമ്പോൾ ഫുൾ ചായക്ക് 15 രൂപ മുതൽ 20 രൂപവരെയാണ് വില. കാപ്പിക്ക് 15 രൂപ മുതൽ 20 രൂപ വരെയാണ് ഇടത്തരം ഹോട്ടലുകളിൽ ഈടാക്കുന്നത്. നന്ദിനി പാൽ വില വർധിപ്പിച്ചതോടെ സ്വകാര്യ ഡെയറികൾ ഉൽപാദിപ്പിക്കുന്ന പാൽ വിലയും കൂടും.

രാജ്യത്ത് പാൽ ഉൽപാദനത്തിന് രണ്ടാംസ്ഥാനത്തുള്ള കെഎംഎഫിന് കീഴിൽ 18 ലക്ഷം ക്ഷീരകർഷകരുണ്ട്. 15,500 കോടി രൂപയുടെ വിറ്റുവരവുള്ള കെഎംഎഫിന്റെ 14 ക്ഷീര സഹകരണ യൂണിയനുകളാണ് വിവിധ ജില്ലകളിലേക്ക് പാൽ എത്തിക്കുന്നത്.

ബെംഗളൂരു നഗര ജില്ലയിൽ ബെംഗളൂരു മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനാണ് പാൽ വിൽപനയുടെ ചുമതല. ഒരു ദിവസം 14 ലക്ഷം ലീറ്റർ പാലാണ് ബെംഗളൂരുവിൽ മാത്രം വിൽപന നടത്തുന്നത്. കേരളം, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പുതുച്ചേരി, ഗോവ സംസ്ഥാനങ്ങളിലും കെഎംഎഫ് പാൽവിതരണം നടത്തുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here