ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്ത് ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി.
17 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതുവരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്ത്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നുണ്ട്.
കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. അതേ സമയം മറ്റു രാജ്യക്കര്‍ തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധിച്ചവരുടെ മരണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ പുതിയ നീക്കവുമായി ആസ്ട്രേലിയ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാനാണ് ആസ്ട്രേലിയന്‍ മെഡിക്കല്‍ വിദഗ്ധരുടെ തീരുമാനം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക