എന്താണ് യഥാര്‍ത്ഥത്തില്‍ ഈ ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ ?; വിവരാവകാശ നിയമപ്രകാരമെത്തിയ ചോദ്യത്തിന് മറുപടിയില്ലാതെ ആഭ്യന്തര മന്ത്രാലയം

0
199

ന്യൂദല്‍ഹി: (www.mediavisionnews.in) ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ എന്ന പ്രയോഗത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിച്ച് വിവരാവകാശ രേഖ. വിവരാവകാശ നിയമ പ്രകാരം എത്തിയ അപേക്ഷക്ക് എന്തു മറുപടി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആഭ്യന്തര മന്ത്രാലയം.

തുക്ക്‌ടേ തുക്ക്‌ടേ ഗാങിന്റെ ആരംഭം എങ്ങിനെയാണ് ? ആരൊക്കെയാണ് ഇതിലെ അംഗങ്ങള്‍? എന്തുകൊണ്ട് യു.എ.പി.എ പ്രകാരം ഇവരെ നിരോധിക്കുന്നില്ല? – എന്നീ ചോദ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തിയത്.

‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ’് എന്നത് ഇന്‍ലിജന്‍സോ മറ്റ് അന്വേഷണ ഏജന്‍സികളോ ഇത് വരെയും ഒരു ഔദ്യോഗിക രേഖയിലും ഉപയോഗിച്ചിട്ടില്ല എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘2016ല്‍ ജെ.എന്‍.യുവില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നതായി ദല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ അവരാവരും ഏതെങ്കിലും പാര്‍ട്ടിയുടേയോ, ഗാങിന്റെയോ ഗ്രൂപ്പിന്റെയോ അംഗങ്ങളായിരുന്നില്ല.’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍ക്കാരിന്റെയോ മറ്റു നിയമ ഏജന്‍സികളുടെയോ രേഖകളിലൊന്നും ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ’് എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി തങ്ങളുടെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്ന പ്രധാന പദമാണ് ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’. 2016ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവം നടന്ന സമയത്താണ് ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ എന്ന പദം വലിയ ജനശ്രദ്ധ നേടുന്നത്.

പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അന്ന് കേസിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൂടാതെ സര്‍വകലാശാലയെ മുഴുവനായും ബി.ജെ.പി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും ഈ പദം വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. പല മാധ്യമങ്ങളിലും ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ എന്ന പദം വളരെയേറെ ഉപയോഗിക്കപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ നിരവധി സന്ദര്‍ഭങ്ങളില്‍ പ്രതിപക്ഷത്തെ ‘തുക്ക്‌ടേ തുക്ക്‌ടേ ഗാങ്’ എന്ന പദമുപയോഗിച്ചായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയും ഈ പദം അദ്ദേഹം ഉപയോഗിക്കുണ്ടായി.

കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അമിത് ഷാ ഇത് ആവര്‍ത്തിച്ചു. ‘ദല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികളായ തുക്ക്‌ടേ തുക്ക്‌ടേ ഗാങിനെ ജനങ്ങള്‍ ശിക്ഷിക്കണം.’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

യു.എ.പി.എ. പ്രകാരം സംഘടനകളെയും അംഗങ്ങളെയും നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണ്. യു.എ.പി.എയുടെ പരിധിയിലാണ് രാജ്യത്തിലെ നിയമങ്ങളിലെവിടെയും പ്രതിപാദിക്കാത്ത ‘അര്‍ബന്‍ നക്‌സല്‍’ എന്ന പേര് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുന്നവര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ചുമത്തുന്നത്. ഭീമ കൊറേഗേവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here