അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: നെടുമ്പാശേരിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

0
213

കൊച്ചി: (www.mediavisionnews.in) നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട ശക്തമാക്കിയതോടെ കടത്തുന്ന സംഘങ്ങൾ തന്ത്രങ്ങൾ മാറ്റി പയറ്റിത്തുടങ്ങി. പുരുഷന്മാർക്ക് പകരം സ്ത്രീകളെ ഇറക്കിയും കടത്താൻ ഉപയോഗിക്കുന്ന കാരിയേഴ്സിന്റെ സ്ഥലം മാറ്റിയുമാണ് പരീക്ഷണം.

ഇന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയ രണ്ട് സ്ത്രീകളിൽ ഒരാൾ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചാണ് മുക്കാൽ കിലോ സ്വർണ്ണം കടത്തിയത്. മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ സ്വർണ്ണമാണ് ഇവരിൽ നിന്ന് ലഭിച്ചത്. ക്വലാലംപുരിൽ നിന്ന് എത്തിയ ഈ സ്ത്രീ കോഴിക്കോട് സ്വദേശിനിയാണ്. സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്ന ദുബൈ, ഷാർജ, കുവൈറ്റ് തുടങ്ങിയ പരമ്പരാഗത സ്ഥലങ്ങൾ ഉപേക്ഷിച്ചാണ് ക്വലാലംപൂർ വഴി എത്തിയത്.

ഷാർജയിൽ നിന്നെത്തിയ മറ്റൊരു സ്ത്രീ കാലിലും കൈയ്യിലും വളയങ്ങളായി ധരിച്ചാണ് കാൽ കിലോ സ്വർണ്ണം കടത്തിയത്. ഇവർ എറണാകുളം സ്വദേശിനിയാണ്. മലബാർ സ്വദേശികളെ ഉപയോഗിച്ചുള്ള സ്വർണ്ണക്കടത്തുകൾ പരാജയപ്പെട്ടതോടെയാണ് എറണാകുളം സ്വദേശിനിയെ ഉപയോഗിച്ചത്.

കസ്റ്റംസ് പ്രിവന്റീവ് പിടികൂടിയ മറ്റൊരാൾ തൃശൂർ സ്വദേശിയാണ്. ഇയാളിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ മുക്കാൽ കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായി അറുപത് ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാനാണ് സ്ഥലം മാറ്റിയും സ്ത്രീകളെ ഇറക്കിയും കടത്തുകാർ പുതിയ വഴികൾ തേടുന്നത്. മലബാർ സ്വദേശികളാണ് സ്വർണ്ണം കടത്തുന്നതെന്ന ധാരണ വരുത്തിയ ശേഷമാണ് മറ്റ് സ്ഥലങ്ങളിലുള്ള കാരിയേഴ്സിനെ എത്തിക്കുന്നത്. വളരെ നാൾ കൂടിയിട്ടാണ് സ്ത്രീകൾ സ്വർണ്ണക്കടത്തിന്റെ പേരിൽ കൊച്ചിയിൽ പിടിയിലാകുന്നത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here