കരിപ്പൂർ: (www.mediavisionnews.in) കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 82.5 ലക്ഷത്തിന്റെ വിദേശ കറൻസി വിമാനത്താവള സുരക്ഷാവിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് നെല്ലിക്കുന്ന് സ്വദേശി നവാസ് അബ്ദുല്ല ( 34) യെ സി.ഐ.എസ്.എഫ് വിഭാഗം പിടികൂടി കസ്റ്റംസിന് കൈമാറി.
ഇൻഡിഗോ എയറിന്റെ കോഴിക്കോട്- ദുബായ് വിമാനത്തിൽ യാത്രചെയ്യാനാണ് ഇയാൾ കോഴിക്കോട്ടെത്തിയത്. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് വിഭാഗം ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ ധരിച്ചിരുന്ന പാദരക്ഷകൾ സുരക്ഷാസേന എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽനിന്നും ഇയാൾ ധരിച്ച ഷൂസിനകത്ത് അമേരിക്കൻ ഡോളർ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇയാളുടെ ബാഗേജുകളും സുരക്ഷാസേന വിശദ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽനിന്നും 15,000 അമേരിക്കൻ ഡോളറുകൾ കണ്ടെടുത്തു. പിടികൂടിയ ഡോളറുകൾക്ക് 82.46 ലക്ഷംരൂപ മൂല്യംവരും.
വിമാനത്താവള സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേന ഡെപ്യൂട്ടി കമാൻഡന്റ് കിഷോർ കുമാറിന്റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയതിനിടെയാണ് ഇയാൾ പിടിയിലായത്.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക