സ്വദേശിവത്കരണത്തിന് പിന്നാലെ ഇറാന്‍-യുഎസ് സംഘര്‍ഷവും: ആശങ്കയോടെ പ്രവാസികള്‍

0
223

ദുബായ്: (www.mediavisionnews.in) ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുമ്പോൾ ഗള്‍ഫ്, അറബ് നാടുകളിലുള്ള പ്രവാസികളെല്ലാം കടുത്ത ആശങ്കയിലാണ്. ഇറാഖില്‍ യുദ്ധഭീതി നിലനില്‍ക്കുമ്പോൾ തന്നെ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയും ബാക്കിനില്‍ക്കുന്നു.

ഇറാന് എതിരെ പല കാരണങ്ങളാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും നിലകൊണ്ടിട്ട് പതിറ്റാണ്ടുകളായി. ഇവര്‍ക്കാകട്ടെ യു.എസിന്റെ എല്ലാ തരത്തിലുള്ള സഹായവുമുണ്ട്. അതുകൊണ്ട് തന്നെ പുതിയ വിഷയങ്ങളില്‍ അമേരിക്കയുടെ പക്ഷത്ത് തന്നെ നില്‍ക്കാനോ അല്ലെങ്കില്‍ അമേരിക്കയോട് അനുഭാവം പ്രകടിപ്പിക്കാനോ തന്നെയായിരിക്കും മിക്ക ഗള്‍ഫ് നാടുകളും തുനിയുന്നത്. യമനിലെ ഹൂതി വിമതര്‍ക്ക് ആളും പടക്കോപ്പുകളും നല്‍കുന്നത് ഇറാനാണ് എന്നത് വര്‍ഷങ്ങളായി സൗദി അറേബ്യയുടെ പരാതിയുണ്ട്. സൗദിയിലെ അതിര്‍ത്തി മേഖലകളില്‍ ഇപ്പോഴും ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ ആക്രമണം നടത്തുന്നുമുണ്ട്. ഇതെല്ലാം ഇറാനെ സൗദി സഖ്യ രാഷ്ട്രങ്ങളുടെ പൊതുശത്രുവാക്കിയിട്ടുണ്ട്.

എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇറാഖില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിവിധ ഗള്‍ഫ് ,അറബ് നാടുകളിലായി ജീവിക്കുന്നുണ്ട്. ഇവിടെ ഉണ്ടാകുന്ന ചെറിയ ചലനം പോലും അവരുടെ ജീവിതത്തിനും തൊഴിലിനുമെല്ലാം ഭീഷണി ഉയര്‍ത്തുന്നതാണ്. നേരത്തെ കുവൈത്തിലുണ്ടായ പ്രശ്‌നങ്ങളും അതുണ്ടാക്കിയ പ്രതിസന്ധികളും ഇപ്പോഴും പ്രവാസികളും ലോകവും മറന്നിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് ഇറാനും. ഇറാന് എതിരായ ഉപരോധവും അതുണ്ടാക്കിയ പ്രശന്ങ്ങളും വലിയൊരളവോളം പരിഹരിക്കപ്പെട്ടതിന് അധികം വൈകാതെയാണ് വീണ്ടും അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ലോകത്തിലെ എണ്ണ വിപണിയിലാണ് ഇതിന്റെ ആദ്യ ചലനം കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളാണ് സൗദി അറേബ്യയും ഇറാനും. എണ്ണയുടെ ഉല്‍പ്പാദനം മാത്രമല്ല, എണ്ണയുടെ വിതരണത്തെയും ഇത് പ്രതിസന്ധിയിലാക്കും. സൗദി അറേബ്യയുമായി നേരത്തെ തന്നെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇറാന്റെ അതിര്‍ത്തി പങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എണ്ണക്കപ്പലുകള്‍ക്ക് സഞ്ചരിക്കേണ്ടത്. ഇറാന്റെ ഭാഗത്തുനിന്ന് പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്ക സൗദിക്കും സഖ്യ രാഷ്ട്രങ്ങള്‍ക്കുമുണ്ട്.സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണ , ചരക്ക് നീക്കത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. കുവൈത്ത്, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങള്‍ അതിര് പങ്കിടുന്ന കടലിന്റെയും കടലിടുക്കിന്റെയും മറുഭാഗം ഇറാന്റെ അതിര്‍ത്തി മേഖലയാണ്. ഇതാണ് സൗദി സഖ്യത്തിന് ആശങ്ക സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍ തീരങ്ങളിലെ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള നീക്കം സൗദി അറേബ്യ തുടങ്ങിയിട്ടുണ്ട്. ഈജിപ്ത്, സുഡാന്‍, ജിബൂതി, യെമന്‍, സോമാലിയ, ജോര്‍ദാന്‍, എറിത്രിയ തുടങ്ങിയ രാജ്യങ്ങളുമായി അവരുടെ അതിര്‍ത്തികളിലൂടെ ചരക്ക് നീക്കത്തിനുള്ള കരാറില്‍ ഇതിനകം സൗദി എത്തിയിട്ടുണ്ട്. എണ്ണ കടത്തിന് ബദല്‍ മാര്‍ഗ്ഗം എന്ന നിലയിലാണ് സൗദിയുടെ ഈ നീക്കം.

സൗദിയും ഇറാനും തമ്മിലുള്ള ഭിന്നതക്ക് വേറെയും കാരണങ്ങളുണ്ട്. ഷിയാ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇറാന്‍ ഒരുകാലത്തും സൗദിയുടെ മേധാവിത്വത്തെ അംഗീകരിച്ചിട്ടില്ല. സുന്നി ഭൂരിപക്ഷമുള്ള ഗള്‍ഫ് , അറബ് നാടുകളും സൗദിയോട് ആഭിമുഖ്യം പുലര്‍ത്തുന്നു. മക്ക, മദീന ഉള്‍പ്പെടെയുള്ള സൗദിയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ലോക മുസ്ലീങ്ങള്‍ക്ക് ആകെ അവകാശപ്പെട്ടതാണെന്ന വാദമാണ് കുറെക്കാലമായി ഇറാന്‍ ഉന്നയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്റെ വാദത്തെ സൗദിയും സഖ്യരാഷ്ട്രങ്ങളും പാടെ അവഗണിക്കുകയാണ്. അതോടൊപ്പം തന്നെ ഇറാന്‍ പല സ്ഥലത്തും അധിനിവേശം നടത്തിയെന്ന പരാതിയും യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഉന്നയിക്കുന്നു. യു.എ.ഇ ക്ക് അവകാശപ്പെട്ട ഒരു ദ്വീപ് വിട്ടുകിട്ടണമെന്ന യു.എ.ഇ യുടെ ആവശ്യവും നിലനില്‍ക്കുന്നു.

ഇതെല്ലാം നിലനില്‍ക്കെയാണ് ഇറാഖില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍. സംഘര്‍ഷസ്ഥിതി കണക്കിലെടുത്ത് അവിടേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദി സഖ്യ രാഷ്ട്രങ്ങളോട് വലിയ സൗഹൃദം പുലര്‍ത്തുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാനും നിര്‍ണ്ണായകമായ വ്യാപാര പങ്കാളിയാണ്. ഇറാനുമായും ഇന്ത്യയുടെ നയതന്ത്രം നല്ല നിലയിലുള്ളതാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും പക്ഷത്ത് ചേരാന്‍ ഈ ഘട്ടത്തില്‍ ഇന്ത്യ തയ്യാറാവില്ല. അമേരിക്കയെ പിണക്കാനും ഇന്ത്യക്ക് ആവില്ല. ഫലത്തില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ തല്‍ക്കാലം നോക്കിനില്‍ക്കാന്‍ മാത്രമേ ഇന്ത്യക്ക് സാധിക്കുകയുള്ളു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയും ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം നിസ്സാരമല്ല ഈ പ്രതിസന്ധികളും പ്രശ്‌നങ്ങളും. തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഒരു ഭാഗത്ത് നില്‍ക്കെ തന്നെയാണ് പുതിയ ആശങ്കകള്‍. എണ്ണവില ഉയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിപണിയുടെ സൂചന. ഇത് എല്ലായിടത്തും വിലക്കയറ്റത്തിന് ഇടയാക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിന്റെ തുടര്‍ച്ചയാണ്. സ്വദേശിവല്‍ക്കരണം എന്ന നയപ്രഖ്യാപനത്തോടെ എല്ലാ ഗള്‍ഫ് നാടുകളിലും പ്രവാസികളുടെ തൊഴിലവസരം കുറഞ്ഞിട്ടുണ്ട്. മേഖലയിലെ പുതിയ പ്രതിസന്ധിയാകട്ടെ എല്ലാ തലത്തിലുമുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here