സി.എ.എ ലോകത്തെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍

0
178

ബ്രസ്സൽ(www.mediavisionnews.in):പൗരത്വ ഭേദഗതി നിയമം ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ എം.പിമാർ. യൂറോപ്യൻ യൂണിയനിലെ 150 എം.പിമാർ ചേർന്ന് തയ്യാറാക്കിയ പ്രമേയത്തിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനമുള്ളത്. ലോകത്തെ മുഴുവൻ ബാധിക്കുന്നതാണ് ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന നിയമമെന്ന് പ്രമേയത്തിൽ പറയുന്നു. നിയമം നടപ്പാക്കുന്നതിലൂടെ നിരവധി ആളുകൾ രാജ്യമില്ലാത്തവരായി മാറും. പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ ഇന്ത്യ ലംഘിച്ചെന്നും കരട് പ്രമേയം പറയുന്നു. പൗരത്വത്തിന് മറ്റുള്ളവര്‍ക്കെന്നപോലെയുള്ള അവകാശം മുസ്‍ലിംകളില്‍ നിന്ന് അന്യമാക്കാന്‍ നിയമപരമായ സാഹചര്യം ഇന്ത്യ സൃഷ്ടിച്ചുവെന്നും കരട് പ്രമേയം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് മുസ്‍ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റുമെന്ന ആശങ്കയും പ്രമേയം പങ്കുവെക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ പൗരത്വ പ്രതിസന്ധിക്കായിരിക്കും പൗരത്വ ഭേദഗതി നിയമം വഴി തുറക്കുന്നത്. വലിയ മനുഷ്യാവകാശ പ്രശ്നത്തിന് സി.എ.എ വഴിതെളിക്കുമെന്ന് പറഞ്ഞ പ്രമേയം കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ”രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വിവേചനം ചെയ്യുകയും, ഉപദ്രവിക്കുകയും നിയമത്തിന്‍റെ നൂലാമാലക്കുരുക്കിലാക്കുകയും ചെയ്യുകയാണ് ഈ നിയമത്തിലൂടെ സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെയോ മനുഷ്യാവകാശ സംഘടനകളെയോ മാധ്യമപ്രവർത്തകരെയോ നിശ്ശബ്ദരാക്കുന്നു സർക്കാർ”, എന്ന് പ്രമേയം വിമർശിക്കുന്നു. മനുഷ്യാവകാശങ്ങളും ജനാധിപത്യവും പാലിച്ചില്ലെങ്കിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യവും തമ്മിൽ വ്യാപാരക്കരാറുകളുണ്ടാക്കുന്നതിൽ നിയന്ത്രണങ്ങളും കർശനഉപാധികളും വയ്ക്കുമെന്ന ചട്ടം വയ്ക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പ്രക്ഷോഭം നടത്തുന്നവരെ അക്രമികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു. ആഗോള മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം കൂടിയാണ് ഇന്ത്യയിൽ നടക്കുന്നത്. എല്ലാവർക്കും പൗരത്വം ലഭിക്കാൻ അവകാശമുണ്ട്. ഒരാളുടേയും പൗരത്വം ഇല്ലാതാക്കാനോ പൗരത്വം മാറുന്നത് തടയാനോ പാടില്ല.

ബ്രസൽസിൽ അടുത്ത ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. കശ്മീർ പ്രശ്നവും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here