കൊച്ചി (www.mediavisionnews.in) : സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ അഥവാ കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് എട്ടിന്‍റെ പണിയുമായി വരികയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ടൂറിസ്റ്റ് ബസുകള്‍ക്കെല്ലാം ഏകീകൃത നിറം ഏര്‍പ്പെടുത്താനാണ് നീക്കം. ഏതു നിറം വേണമെന്ന് വ്യാഴാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ.) യോഗം തീരുമാനിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കയിരുന്നു. സിറ്റി, മൊഫ്യൂസല്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്.
ഇതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കും യൂണീഫോം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഈ ബസുകള്‍ക്ക് ഒരൊറ്റ നിറമാവും പരിഗണിക്കുക. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കുക. അന്തര്‍ സംസ്ഥാന റൂട്ടുകളുടെ പെര്‍മിറ്റ് നിശ്ചയിക്കുന്നതടക്കം ഗതാഗതപരിഷ്‌കാരങ്ങള്‍ക്കുള്ള അന്തിമസമിതിയാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി.
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് ഈ സമിതിയുടെ അധ്യക്ഷന്‍. ട്രാഫിക് ഐ.ജി.ക്കു പുറമേ ഒരു അനൗദ്യോഗിക അംഗംകൂടി സമിതിയിലുണ്ട്. ബസുകളുടെ നിറം മാറ്റം ഉള്‍പ്പെടെയുള്ള അജണ്ട ഈ സമതി വ്യാഴാഴ്ച പരിഗണിക്കും.
കോണ്‍ട്രാക്ട് കാര്യേജ് സംഘടനാപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നിര്‍ദേശങ്ങള്‍ കേട്ടായിരിക്കും സമിതിയുടെ അന്തിമതീരുമാനം. വെള്ളനിറത്തിന് മധ്യത്തില്‍ ചെറിയ വര്‍ണവരകളുള്ള ഡിസൈനാണ് പൊതുവിലുള്ള അഭിപ്രായം. എസ്.ടി.എ. യോഗ തീരുമാനം ആര്‍.ടി. ഓഫീസുകളില്‍ ഉത്തരവായി എത്തുന്നതോടെ തീരുമാനം നടപ്പാവും. അഖിലേന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃതനിറം വേണമെന്ന് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത്തരം ബസുകള്‍ക്ക് വെള്ളനിറത്തില്‍ മധ്യത്തിലൂടെ നീലവരയാണുള്ളത്. സംസ്ഥാന പെര്‍മിറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും ഇതേശൈലി സ്വീകരിക്കാനാണ് സാധ്യത.
വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‍കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉള്ളില്‍ ഡാന്‍സ് ഫ്‌ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.
സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളുമൊക്കെയാണ് പല ടൂറിസ്റ്റ് ബസുകളുടെ ബോഡിയില്‍ നിറയെ. ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ മുന്നോട്ടുവരുമ്പോള്‍ അതിനെയൊക്കെ പരസ്യമായി വെല്ലുവിളിക്കുന്ന ബസുടമകളെയും ജീവനക്കാരെയും അടുത്തിടെ കണ്ടു വരുന്നുണ്ട്.
ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബസുടമകള്‍ തന്നെ ഗതാഗത കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.