മഞ്ചേശ്വരം: (www.mediavisionnews.in) മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലയുമായി ബന്ധപ്പെട്ട് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പലതും വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ ക്രൈംബ്രാഞ്ച്. ലോക്കല്‍ പോലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകന്‍ വെങ്കിട്ടരമണയും ഇയാളുടെ അയല്‍വാസി നിരഞ്ജന്‍കുമാറും നല്‍കിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല.
മുടി പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയില്‍നിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജന്‍കുമാര്‍ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടല്‍ത്തീരത്തേക്കുപോയി. ഇതാണ് പ്രതികള്‍ നല്‍കിയ മൊഴി.
വെള്ളത്തില്‍ രാസവസ്തുവുള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. അതിനാലാകും മൃതദേഹത്തില്‍നിന്ന് മുടി കൊഴിഞ്ഞുപോയതെന്ന് അന്വേഷണോദ്യോഗസ്ഥരും അനുമാനിക്കുന്നു. രൂപശ്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലാതായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
വസ്ത്രങ്ങള്‍ കഴുകിയശേഷം തിളക്കംകിട്ടാനുപയോഗിക്കുന്ന രാസവസ്തുവാണ് വീപ്പയിലെ വെള്ളത്തിലുണ്ടായിരുന്നതെന്നും തന്റെ ഭാര്യ വസ്ത്രങ്ങള്‍ കഴുകിയശേഷം വീപ്പയിലെ വെള്ളം മറിച്ചുകളഞ്ഞിരുന്നില്ലെന്നും വെങ്കിട്ടരമണയുടെ മൊഴിയിലുണ്ട്. എന്നാല്‍, ഈ മൊഴിയും പൂര്‍ണമായി വിശ്വസിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല.
മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊലനടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ രാസവസ്തുചേര്‍ത്ത വെള്ളവും ഇവര്‍ കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ സംശയം. കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തില്‍ പുരട്ടിയാലും തെളിവ് നശിപ്പിക്കാന്‍ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താല്‍ ആളെത്തന്നെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു.
വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജന്‍കുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തില്‍ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാല്‍ കേള്‍ക്കുന്ന അകലത്തിലാണ് അയല്‍പക്കത്തെ വീടുകളെല്ലാം. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ ഇതിലെല്ലാം വ്യക്തതലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ.സതീഷ്‌കുമാര്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.