കോഴിക്കോട്: (www.mediavisionnews.in) ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ റാലി ബഹിഷ്‌കരിച്ച് വ്യാപാരികളും നാട്ടുകാരും. കുറ്റ്യാടിയില്‍ തിങ്കളാഴ്ച അഞ്ചു മണിക്കായിരുന്നു ബി.ജെ.പിയുടെ രാഷ്ട്ര രക്ഷാ സംഗമം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനൊരുങ്ങിയത്.
എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
വ്യാപാരികള്‍ കടകളടക്കുകയും നാട്ടുകാര്‍ പരിപാടി നടക്കുന്ന സ്ഥലത്തു നിന്നും ഒഴിഞ്ഞു മാറി പോവുകയും ചെയ്തു. പരിപാടിയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുക്കാനിരുന്ന പ്രമുഖ നേതാക്കള്‍.
നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് വൈകുന്നേരം മൂന്നുമണിക്കായിരുന്നു രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റ്യാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ കുറ്റ്യാടിയിലെ ജനങ്ങള്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചതോടെ പരിപാടിയ്ക്ക് കാര്യമായി ആളുകളുണ്ടായിരുന്നില്ല.
ആലപ്പുഴയിലെ വളഞ്ഞ വഴിയിലായിരുന്നു ഇത്തരത്തിലൊരു നീക്കം ആദ്യം നടന്നത്. ബി.ജെ.പിയുടെ പരിപാടി നാട്ടുകാര്‍ ഒന്നടങ്കം ബഹിഷ്‌കരിക്കുകയായിരുന്നു.
ബി.ജെ.പി നടത്തുന്ന പരിപാടി ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസം പിന്നിട്ട സമരത്തിന്റെ ശക്തി ആര്‍.എസ്.എസ്- ബി.ജെ.പിക്കാര്‍ നേരിട്ടറിയണം എന്നായിരുന്നു നാട്ടുകാര്‍ക്കെത്തിയ സന്ദേശങ്ങളില്‍ പറയുന്നത്.
‘ഒരു മാസം പിന്നിട്ട നമ്മുടെ ഒരുമയുള്ള സമരത്തിന്റെ ചൂടും ചൂരും ആര്‍.എസ്.എസ് ബിജെപി ഫാഷിസ്റ്റുകള്‍ നാളെ നേരിട്ടറിയണം. ഗാന്ധിയെ കൊന്നു തള്ളുന്നവരോട്, നാടുകടത്താന്‍ ഓങ്ങുന്നവരോട്, തടങ്കല്‍ പാളയം പണിയുന്നവരോട്, നാം പ്രതികാരം ചെയ്യണം. നമുക്ക് പ്രതിജ്ഞ ചെയ്യാം,’ എന്നായിരുന്നു സന്ദേശം.
ബി.ജെ.പിയുടെ പരിപാടിയില്‍ സംഘര്‍ഷാവസ്ഥയുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കുറ്റ്യാടിയില്‍ കനത്ത പൊലീസ് സാന്നിധ്യവുമുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.