കൊല്‍ക്കത്ത: (www.mediavisionnews.in) സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത. കോണ്‍ഗ്രസിന്റെ പിന്തുണയോടെയായിരിക്കും സീതാറാം പാര്‍ലമെന്റിലെത്തുക. ബംഗാളിലെ അഞ്ചു സീറ്റുകളിലേക്കു നടക്കുന്ന രാജ്യ സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം ബംഗാള്‍ ഘടകം യെച്ചൂരിയെ പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
2005 ലും 2017 ലും രാജ്യ സഭാംഗമായിരുന്ന യെച്ചൂരിയുടെ പ്രകടനം മികച്ചതായിരുന്നു. 2017 ല്‍ യെച്ചൂരിയെ വീണ്ടും രാജ്യസഭാംഗമായി അയക്കാന്‍ നീക്കമുണ്ടായിരുന്നു. യെച്ചൂരിയുടെ നാമനിര്‍ദ്ദേശത്തിന് രാഹുല്‍ ഗാന്ധിയും അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്.
എന്നാല്‍ ഒരു പാര്‍ട്ടി അംഗത്തെ തന്നെ മൂന്ന് തവണ തുടര്‍ച്ചയായി പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കരുതെന്ന പാര്‍ട്ടി നയം മൂലം ആണ് യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കാതിരുന്നത്.
ഇത്തവണ യെച്ചൂരി മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 2017 ലും തങ്ങള്‍ പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ സി.പി.ഐ.എം തന്നെയാണ് യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ അംഗബലത്തില്‍ പശ്ചിമബംഗാളില്‍ നിന്ന് ഒറ്റയ്ക്ക് ഒരാളെ രാജ്യസഭയിലെത്തിക്കുക സി.പി.ഐ.എമ്മിന് സാധ്യമല്ല. യെച്ചൂരി മത്സരിക്കുന്നത് വഴി കോണ്‍ഗ്രസിന്‍രെ പിന്തുണ ഉറപ്പിക്കാനാവുമെന്ന് സി.പി.ഐ.എമ്മും കരുതുന്നു.
അസാധാരണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോവുന്നത് അതിനാല്‍ തന്നെ പാര്‍ലമെന്റില്‍ ശക്തമായ എതിര്‍ ശബ്ദം ഉണ്ടാകേണ്ടതുണ്ട്. യെച്ചൂരിയാണ് അതിനേറ്റവും അനുയോജ്യനെന്നും സി.പി.ഐ.എം പാര്‍ട്ടി മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 നു ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മത്സരിക്കുന്നതിനാല്‍ തന്നെ രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി രാജ്യസഭാംഗമാകാന്‍ പറ്റില്ലെന്ന പാര്‍ട്ടി നിയമത്തിനും പ്രശ്‌നമില്ല.
ബംഗാളില്‍ നിന്നുള്ള 5 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ ഇവയില്‍ നാലു സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്.
സി.പി.ഐ.എമ്മില്‍ നിന്നും മത്സരിച്ച ഋതബ്രത ബന്ധോപാധ്യായ ആയിരുന്നു അഞ്ചാമത്തെ സീറ്റില്‍ വിജയിച്ചത്. എന്നാല്‍ 2017 ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് ഇതുവരെയും ബംഗാളില്‍ നിന്ന് സി.പി.ഐ.എമ്മിന് രാജ്യസഭാംഗം ഇല്ല.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക