ദുബായ്: (www.mediavisionnews.in) യുഎഇയിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോൺ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും മറ്റ് സിവിൽ കേസുകളിൽ പ്രതികളാകുകയും ചെയ്തതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടാൻ നിയമപരമായുള്ള നടപടികൾ ഇനി ലഘുവായിരിക്കും.
ജനുവരി 17 ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ 20 വർഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യൽ സഹകരണ ഉടമ്പടി പ്രാബല്യത്തിൽ വരും. പുതിയ നിയമം അനുസരിച്ച് യു എ ഇ സിവിൽ കോടതി പുറപ്പെടുവിക്കുന്ന നിയമം ഇന്ത്യയിലും ബാധകമാകും.
ലോണിൽ വീഴ്ച വരുത്തൽ, ചെക്ക് ബൗൺസ് ആകുക തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഇതിന്‍റെ പരിധിയിൽ വരുന്നത്. പുതുതായി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് യു എ ഇയിലെ സിവിൽ കോടതിയുടെ വിധികൾ പരിഗണിക്കപ്പെടുക. കക്ഷികൾ ഇന്ത്യയിലെ കോടതി മുഖാന്തിരം യു എ ഇ കോടതിവിധികളുടെ എക്സിക്യൂഷൻ നൽകിയാൽ മതിയാകും. സിവിൽ – വാണിജ്യ കാര്യങ്ങളിലെ സഹകരണവുമായി ബന്ധപ്പെട്ട് യുഎഇയും ഇന്ത്യയും തമ്മിലുള്ള 1999 ലെ കരാറിലെ അവശേഷിക്കുന്ന ഭാഗം മാത്രമാണ് പുതിയ വിജ്ഞാപനം എന്നും യു എ ഇയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി.
വിവാഹമോചനം ഉൾപ്പെടെയുള്ള സിവിൽ കേസുകളിൽ യു എ ഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇന്ത്യയിൽ ബാധകമാകും. ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, റാസൽഖൈമ, ഫുജേറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകൾ ചേർന്നതാണ് യു എ ഇ.
യു എ ഇയിലെ ബാങ്കുകളിൽ നിന്ന് വലിയ ലോണെടുത്തതിനു ശേഷം ഇന്ത്യയിലേക്ക് കടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് പുതിയ നടപടി. ഇത്രയും കാലം ഇത്തരത്തിലുള്ളവർ ഇന്ത്യയിലേക്ക് കടന്നു കഴിഞ്ഞാൽ ബാങ്കുകൾക്കും വ്യക്തികൾക്കും തങ്ങളുടെ പണം തിരികെ പിടിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ, പുതിയ നടപടിയിലൂടെ യു എ ഇ കോടതി വിധി നടപ്പാക്കി കിട്ടാൻ ബാങ്കുകളും വ്യക്തികളും ഇന്ത്യയിലെ ജില്ലാ കോടതികളെ സമീപിച്ചാൽ മതിയാകും. ഇതിനായി ഇന്ത്യയിലെ കോടതികളിൽ പുതിയ കേസ് ഫയൽ ചെയ്യേണ്ട ആവശ്യമില്ല.
ഫെഡറൽ സുപ്രീം കോടതി, അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറൽ, ഫസ്റ്റ് ഇൻസ്റ്റൻസ് ആൻഡ് അപ്പീൽസ് കോടതികൾ, അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്‍റ്, ദുബായ് കോടതികൾ, റാസൽ ഖൈം നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി, ദുബായ് അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രം തുടങ്ങിയവയുടെ വിധികളാണ് നാട്ടിൽ നടപ്പാക്കാൻ കഴിയുക.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തെ കക്ഷികൾ നാട്ടിലെ കോടതികളിൽ പുതിയ ഹർജി നൽകി വിചാരണ നടത്തണമായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനത്തോടെ വിധി നേരിട്ട് തന്നെ നാട്ടിൽ നടപ്പാക്കി കിട്ടാൻ കക്ഷികൾക്ക് അവസരം ലഭിക്കും.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക