മംഗളൂരു: (www.mediavisionnews.in) അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്തുസ്വർണവുമായി മലയാളിയടക്കം മൂന്നുപേർ രണ്ടുദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. കാഞ്ഞങ്ങാട് ചിത്താരിയിലെ മുഹമ്മദ് നൗമാൻ, ഉത്തർപ്രദേശ് മുസാഫർ നഗറിലെ സുഹേൽ, ഡൽഹിയിലെ മുഹമ്മദ് സാഖിബ് എന്നിവരാണ് പിടിയിലായത്. മൊത്തം 53.52 ലക്ഷം രൂപ വിലവരുന്ന 1319 ഗ്രാം (164.875 പവൻ) സ്വർണം ഇവരിൽനിന്ന് പിടികൂടി. ഇന്നലെ വൈകീട്ട് അഞ്ചിന് ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസിൽ എത്തിയപ്പോഴാണ് മുഹമ്മദ് നൗമാൻ പിടിയിലായത്. 3.22 ലക്ഷം രൂപ വില വരുന്ന 80 ഗ്രാം (8 പവൻ) സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയത്. ചെയിൻ രൂപത്തിലാക്കി അരയിൽ ഒളിപ്പിച്ചാണ് കടത്തിയത്.
ഇന്നുപുലർച്ചെ 4.30ന് ദുബായിൽനിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസിൽ എത്തിയപ്പോഴാണ് മറ്റു രണ്ടുപേരും പിടിയിലായത്. സുഹേലിൽനിന്ന് 29.06 ലക്ഷം രൂപ വില മതിക്കുന്ന 716 ഗ്രാം (89.5 പവൻ), മുഹമ്മദ് സാഖിബിൽനിന്ന് 21.24 ലക്ഷം രൂപ വിലമതിക്കുന്ന 523 ഗ്രാം (65.375 പവൻ) എന്നിങ്ങനെ പിടികൂടി.
പേസ്റ്റ് രൂപത്തിലാക്കി ഗർഭനിരോധന ഉറയിൽ നിറച്ച് കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത്. സുഹേലിൽനിന്ന് രണ്ട് കാപ്സ്യൂളുകളും മുഹമ്മദ് സാഖിബിൽനിന്ന് നാല് കാപ്സ്യൂളുകളുമാണ് കണ്ടെടുത്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.