തിരുവനന്തപുരം: (www.mediavisionnews.in) മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായി എല്‍ഡിഎഫ് സംഘടപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം പാസാക്കിയതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ നടപ്പിലാക്കില്ലെന്നും കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. നമ്മുടെ ഭരണഘടനയെ അതിന്റെ എല്ലാ മൂല്യങ്ങളോടും കൂടി സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ എല്ലവരും സന്നദ്ധരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പൗരത്വം മതാടിസ്ഥാനത്തില്‍ ആക്കാനുള്ള നീക്കം എത്രമാത്രം പ്രതിഷേധമാണ് ഉയര്‍ത്തിയതെന്ന് നാം കണ്ടു. രാജ്യത്താകെ വിദ്യാര്‍ത്ഥികളും യുവാക്കളും ഏറ്റെടുത്ത സമരമാണ്. ലോകം മുഴുവന്‍ പ്രക്ഷോഭങ്ങളെ ഉറ്റുനോക്കി. പൗരത്വ നിയമത്തില്‍ തിരുത്തല്‍ വേണമെന്ന് ലോക രാജ്യങ്ങള്‍ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഐക്യരാഷ്ട്രസഭ പോലും അത്തരം അഭിപ്രായം രേഖപ്പെടുത്തുന്നു നിലയുണ്ടായി. ലോകമാകെ ഈ കാടത്തത്തിനെതിരെ രംഗത്ത് വന്നു- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് പ്രക്ഷോഭങ്ങളുടെ കൂട്ടത്തിലുള്ള ഏറ്റവും ഉയര്‍ന്നനിരയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.കാസര്‍കോട് മുതല്‍ കളിയിക്കാവിളവരെ മനുഷ്യ മാഹാ ശൃംഖലയില്‍ അണിനിരന്നവര്‍ പ്രതിരോധത്തിന്റെ വലിയ മനുഷ്യ മതില്‍ തന്നെയാണ് തീര്‍ത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.
നമുക്ക് വിശ്രമിക്കാനുള്ള സമയമായിട്ടില്ല. പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുന്നതാണ്, നാടിന്റെ സൈ്വര്യതയെ അപകടപ്പെടുത്തുന്നതാണ്. മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.