പശ്ചിമ ബംഗാളിൽ പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെയ്പ്പ്; രണ്ടു പേർ മരിച്ചു

0
226

കൊല്‍ക്കത്ത: (www.mediavisionnews.in) പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പൗരത്വ നിയമ ഭേദഗതിക്കും നിർദ്ദിഷ്ട എൻ‌ആർ‌സിക്കും എതിരെ പ്രതിഷേധിക്കുന്ന സംഘത്തിന് നേരെ ചിലർ വെടിയുതിർക്കുകയും ക്രൂഡ് ബോംബുകൾ എറിയുകയും ചെയ്തതിനെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് വെടിയേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച അനാറുൽ ബിശ്വാസ് (55), ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ സലാവുദ്ദീൻ ഷെയ്ക്ക് (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജലംഗി പൊലീസ് സ്റ്റേഷൻ പ്രദേശത്തെ സാഹേബ് നഗർ മാർക്കറ്റിന് സമീപമാണ് സംഭവം. പൗരത്വം നിയമത്തെ (സി‌എ‌എ) എതിർക്കുന്ന പ്രതിഷേധ പരിപാടിയെ കുറിച്ച് ജലംഗിയിൽ ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം ഭരണകക്ഷി നിഷേധിച്ചു.

പൗരത്വ നിയമ ദേഭഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും നടക്കുന്ന പ്രതിഷേധം നേരിടാന്‍ ഒരു നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും മുര്‍ഷിദാബാദ് എം.പിയും ടി.എം.സി ജില്ലാ പ്രസിഡന്റുമായ അബു തഹര്‍ ഖാന്‍ പറഞ്ഞു. നിഷ്പക്ഷമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് പൊലീസിനോട് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതൃത്വവും റസിഡന്റ്‌സ് ഫോറമായ നാഗരിക് മഞ്ചയും തമ്മിൽ കലഹമുണ്ടായതായി പൊലീസ് പറഞ്ഞു. ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിനും നിർദ്ദിഷ്ട എൻ‌ആർ‌സിക്കും എതിരെ പ്രദേശത്ത് അടച്ചുപൂട്ടൽ നിലവിലുണ്ടായിരുന്നു. രാവിലെ ഒൻപതിന് ശേഷമാണ് സംഭവം. ബഹുജാൻ ക്രാന്തി മോർച്ച (ബി.കെ.എം) വിളിച്ച അഖിലേന്ത്യാ ബന്ദിന്റെ ഭാഗമായിരുന്നു പ്രതിഷേധം.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here