നിര്‍ഭയ പ്രതികള്‍ക്ക് മരണവാറന്റ്; 22ന് തൂക്കിലേറ്റും

0
201

ദില്ലി: (www.mediavisionnews.in) നിര്‍ഭയക്കേസിലെ പ്രതികള്‍ക്കെതിരെ മരണവാറന്റ് പുറപ്പെടുവിപ്പിച്ചു. ജനുവരി 22-നു രാവിലെ ഏഴിന് തൂക്കിലേറ്റും. വിഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു.

നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചിരുന്നു. തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപെടുവിക്കുന്നതിനു തടസമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി നല്‍കുക.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നും പ്രതികള്‍ പറയുന്നു. വധശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നല്‍കിയ ഹര്‍ജി ഡിസംബര്‍ 18ന് സുപ്രീം കോടതി തള്ളിയിരുന്നു.

2012 ഡിസംബര്‍ 16നു രാത്രി ഒന്‍പതിനു ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 29നു വിദഗ്ധ ചികിത്സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയിലാണു പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പൊലീസ് പിടികൂടി.

മുഖ്യപ്രതി ഡ്രൈവര്‍ രാംസിങ് 2013 മാര്‍ച്ചില്‍ ജയിലില്‍ ജീവനൊടുക്കി. ഒരാള്‍ക്കു 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യം ലഭിച്ചു. രാംസിങ്ങിന്റെ സഹോദരന്‍ മുകേഷ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് ഠാക്കൂര്‍ എന്നീ നാലു പ്രതികള്‍ക്കു വിചാരണ കോടതി നല്‍കിയ വധശിക്ഷ, ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here