ലഖ്നൗ: (www.mediavisionnews.in) ”നിങ്ങള്‍ ഒരു ഹിന്ദുവാണ്, നിങ്ങള്‍ എന്തിനാണ് മുസ്ലിങ്ങളുമായി ചങ്ങാത്തത്തിലാകുന്നത്,” ”ലഖ്നൗവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2019 ഡിസംബര്‍ 20 ന് അറസ്റ്റിലായ ആക്ടിവിസ്റ്റും അധ്യാപകനുമായ റോബിന്‍ വര്‍മയോട് ഉത്തര്‍പ്രദേശ് പൊലീസ് ചോദിച്ചതാണ് ഇത്.
പൊലീസ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും തന്റെ ഭാര്യയെയും മകളേയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ച ശേഷം ലഖ്നൗ ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇദ്ദേഹം ‘ദി ഹിന്ദു’വിനോട് സംസാരിക്കുകയായിരുന്നു.
തന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് തന്റെ കോണ്‍ടാക്റ്റ് ലിസ്റ്റും വാട്‌സ് ആപ്പ് ചാറ്റും പരിശോധിച്ചു. അതില്‍ മുസ്‌ലീം പേരുകള്‍ കണ്ടപ്പോഴായിരുന്നു പൊലീസുകാരുടെ ഇത്തരത്തിലുള്ള ചോദ്യം.
എന്റെ ജന്മദിനത്തില്‍ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി എനിക്ക് ആശംസ അയച്ചിരുന്നു. ഇവരെ നിങ്ങള്‍ക്ക് എങ്ങനെയാണ് പരിചയമെന്നും എന്തുകൊണ്ടാണ് കോണ്‍ടാക്ട് ലിസ്റ്റില്‍ ഇത്രയും കൂടുതല്‍ മുസ്‌ലിങ്ങള്‍ ഉള്ളതെന്നുമായിരുന്നു അവര്‍ ചോദിച്ചത്. നിങ്ങള്‍ എന്തിനാണ് മുസ്‌ലീങ്ങളെ സുഹൃത്തുക്കളാക്കുന്നതെന്നും എന്തിനാണ് അവര്‍ക്കൊപ്പം പോകുന്നതെന്നും പൊലീസുകാര്‍ ചോദിച്ചു.
ഭാര്യയെയും രണ്ട് വയസുള്ള തന്റെ മകളെയും കുറിച്ച് അവര്‍ പലതും പറഞ്ഞു. ഞങ്ങള്‍ നിങ്ങളുടെ ഭാര്യയെ വേശ്യയാക്കും, ഞങ്ങള്‍ അവളെ എവിടെയെങ്കിലും കൊണ്ടുപോകും എന്നെല്ലാമായിരുന്നു പറഞ്ഞത്. എന്റെ രണ്ടുവയസുള്ള മകളോടും അത് തന്നെ ചെയ്യുമെന്നും എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കുമെന്നുമായിരുന്നു അവര്‍ ഭീഷണിപ്പെടുത്തിയത്. – അദ്ദേഹം പറഞ്ഞു.
സുല്‍ത്തംഗഞ്ച് പോലീസ് സ്റ്റേഷനിലും ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലും എത്തിച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വര്‍മ പറഞ്ഞു.
”അവര്‍ എന്നെ ചവിട്ടി, ലാത്തികൊണ്ടും കട്ടിയുള്ള ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. തലമുടി പറിച്ചെടുത്തു. വിരലുകള്‍ പിടിച്ച് ഒടിച്ചു,” അദ്ദേഹം പറഞ്ഞു.
കലാപം, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന, പൊതു സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
”ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു നിയമത്തെ എതിര്‍ക്കുന്നത് തെറ്റാണെങ്കില്‍, ആ നിയമം ഭരണഘടനാവിരുദ്ധവും രാജ്യത്തെ ദരിദ്ര ജനതയെ അടിച്ചമര്‍ത്തുന്നതുമാണെങ്കില്‍, ഞാന്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും, ”അദ്ദേഹം പറഞ്ഞു.
ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ തടങ്കലില്‍ കഴിയവേ പൊലീസ് പുതപ്പും ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും താന്‍ എവിടെയാണെന്ന് കുടുംബത്തെ അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അധിക്ഷേപിച്ചുവെന്നും വര്‍മ പറഞ്ഞു.
തനിക്ക് ജുഡീഷ്യറിയിലും ഭരണഘടനയിലും വിശ്വാസമുണ്ടെന്നും നീതി ലഭിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക