ചരിത്രത്തിലാദ്യമായി അമുസ്‌ലിംകള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നിട്ട് ബംഗളൂരുവിലെ മോദി മസ്ജിദ്

0
177

ബംഗളൂരു: (www.mediavisionnews.in) ഹൈന്ദവരും ക്രിസ്ത്യാനികളും സിഖുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒരു മുസ്ലീം പള്ളിയിൽ നിന്നിറങ്ങി വരുന്നത് അപൂർവം ഒരു പക്ഷെ അത്ഭുത കാഴ്ച തന്നെയാണ്. ബംഗളൂരിവിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മോദി മസ്ജിദാണ് ഈ അപൂർവ സന്ദർഭവത്തിന് വേദിയൊരുക്കിയത്.

അമുസ്ലീങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ചും മസ്ജിദുകളുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചും മനസിലാക്കാനും വിവിധ മതസ്ഥരുമായുള്ള സൗഹൃദം പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് 170 വർഷം പഴക്കമുള്ള മോദി മസ്ജിദിന്റെ വാതിൽ കഴിഞ്ഞ ദിവസം സാധരണക്കാർക്കായി തുറന്നു കൊടുത്തത്.

താനെ-ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റഹ്മത്ത് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ‘പള്ളി സന്ദർശനം’ എന്ന ഉദ്യമം വളരെയെറെ സ്വീകരിക്കപ്പെട്ടു എന്നു തന്നെയാണ് അവിടെയെത്തിയ ജനക്കൂട്ടം നൽകിയ തെളിവ്. 170 പേർക്കായിരുന്നു സന്ദര്‍ശനം അനുവദിച്ചിരുന്നതെങ്കിലും ഉച്ചയോടെ തന്നെ നാന്നൂറിലധികം ആളുകളാണ് പള്ളിയിലെത്തിയത്.

വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, എഴുത്തുകാർ, വീട്ടമ്മമാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പള്ളി സന്ദര്‍ശിക്കാനെത്തിയിരുന്നു. രാഷ്ട്രീയം സംസാരിക്കരുത്. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയെച്ചൊല്ലി നിലവിൽ ഉയരുന്ന വിവാദങ്ങള്‍ ചർച്ച ചെയ്യരുത് തുടങ്ങിയ കർശന നിർദേശങ്ങൾ പള്ളിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി സംഘാടകർ നൽകിയിരുന്നു. പള്ളി ചുറ്റിക്കാണൽ, പ്രാർഥന നിരീക്ഷണം, ഉച്ചഭക്ഷണം എന്നിവയാണ് സന്ദര്‍ശകർക്കായി ഒരുക്കിയിരുന്നത്.

അതേസമയം ഈ ഉദ്യമത്തിന് നിലവിൽ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലെന്നാണ് ചടങ്ങ് സംഘടിപ്പിച്ച് റഹ്മത്ത് ഗ്രൂപ്പ് പ്രതിനിധി വ്യക്തമാക്കിയത്. ‘ ഇതൊരു അരാഷ്ട്രീയ ചടങ്ങാണ്. ഇസ്ലാമിനെക്കുറിച്ചും മസ്ജിദ് സംസ്കാരത്തെക്കുറിച്ചും അമുസ്ലീമുകൾക്ക് മനസിലാക്കിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. മസ്ജിദുകളുടെ പ്രവർത്തനരീതി എങ്ങനെയാണെന്ന് പോലൂം ഭൂരിഭാഗം പേർക്കും അറിയില്ല. അതുകൂടി മനസിൽ കണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഇതൊരു മികച്ച വിജയമായി. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇതു പോലെ സന്ദര്‍ശന പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്..’ റഹ്മത്ത് പ്രതിനിധി വ്യക്തമാക്കി.

ബംഗളൂരുവിലെ ഒരു ക്രിസ്ത്യൻ സെമിനാരി വിദ്യാർഥികൾക്ക് മാത്രമായി ഈ വരുന്ന സെപ്റ്റംബറിൽ മസ്ജിദ് സന്ദർശനത്തിനായി അവസരം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. .. ‘ഇതൊരു മികച്ച തുടക്കമാണെന്നും ഇത്തരം നീക്കങ്ങൾ മതങ്ങളെയും വിശ്വാസങ്ങളെയും പരസ്പരം മനസിലാക്കുന്നതിന് വളരെയധികം സഹായകമാകുമെന്നുമാണ് മസ്ജിദ് സന്ദർശിച്ച ശേഷം ബംഗളൂരു എഴുത്തുകാരനായ അമൻദീപ് സിംഗ് പ്രതികരിച്ചത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here