കുറ്റ്യാടി: (www.mediavisionnews.in) പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രതിഷേധിച്ച് കടയടച്ചിടാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.
“കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 153 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്,” എന്ന് കുറ്റ്യാടി പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍ കേസെടുത്തവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബി.ജെ.പി നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും വ്യാപാരികളും സംഘടിതമായി ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബറും ബി.ജെ.പി നേതാവ് എം.ടി രമേശുമാണ് പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍.
നീലേച്ചുകുന്നില്‍ നിന്ന് കുറ്റ്യാടിയിലേക്ക് തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്കായിരുന്നു ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റി രാഷ്ട്ര രക്ഷാ റാലി എന്ന പേരില്‍ റാലി സംഘടിപ്പിച്ചത്. അഞ്ചു മണിക്ക് കുറ്റ്യാടിയില്‍ വെച്ച് രാഷ്ട്ര രക്ഷാ സംഗമവും സംഘടിപ്പിച്ചു. എന്നാല്‍ കുറ്റ്യാടിയിലെ ജനങ്ങള്‍ ഒന്നടങ്കം പരിപാടി ബഹിഷ്‌കരിച്ചതോടെ പരിപാടിയ്ക്ക് കാര്യമായി ആളുകളുണ്ടായിരുന്നില്ല.
പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബി.ജെ.പി റാലി. ‘ഉമ്മപ്പാല്‍ കുടിച്ചെങ്കില്‍ ഇറങ്ങി വാടാ പട്ടികളെ’, ‘ഓര്‍മ്മയില്ലേ ഗുജറാത്ത്’ തുടങ്ങിയ ഭീഷണികള്‍ പ്രകടനത്തിനിടെ ഉയര്‍ന്നു വന്നിരുന്നു.
പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ബി.ജെ.പി പ്രകടനം. എന്നാല്‍ ബി.ജെ.പി നടത്തിയ ഈ വിദ്വേഷ പ്രകടനത്തിനെതിരെ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ സംഭവത്തില്‍ കേസെടുത്തിട്ടുമുണ്ട്.
സമാന രീതിയില്‍ ആലപ്പുഴയിലെ വളഞ്ഞവഴി പ്രദേശത്തും കോഴിക്കോട് എസ്‌റ്റേറ്റ് മുക്കിലും പൗരത്വ ഭേദഗതി വിശദീകരണ യോഗങ്ങള്‍ നാട്ടുകാരും വ്യാപാരികളും ബഹിഷ്‌കരിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക