കാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ തിക്കിലും തിരക്കിലും 35 മരണം; സംസ്‌കാരം മാറ്റി

0
198

ടെഹ്റാന്‍: (www.mediavisionnews.in) അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 48 പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. .

സംസ്കാരച്ചടങ്ങുകള്‍ക്കായി സൊലേമാനിയുടെ മൃതദേഹം ജന്മനാടായ കിര്‍മാനിലേക്ക് എത്തിച്ചപ്പോഴാണ് ദുരന്തമുണ്ടായത്. പ്രാദേശിക ടെലിവിഷന്‍ ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടിലേക്കെത്തിച്ചപ്പോള്‍ പതിനായിരങ്ങളാണ് അന്തിമോപചാരം അ‌ർപ്പിക്കാൻ എത്തിയത്. വികാര നിർഭരമായാണ് ഇറാൻ ജനത ഇന്നലെ ടെഹ്റാനിൽ കാസിം സുലൈമാനിക്ക് വിടചൊല്ലിയത്. സർക്കാർ പ്രഖ്യാപിച്ച ദുഖാചരണം ഇറാനിൽ തുടരുകയാണ്.

ഇതിനിടെ, ഇറാഖിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിക്കുമെന്ന വാർത്തകൾ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കൻ സൈനിക മേധാവി കത്ത് നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

എന്നാൽ, സൈന്യത്തെ പിൻവലിക്കാൻ അമേരിക്ക തയ്യാറകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദി ആവശ്യപ്പെട്ടു. ഇറാഖിലെ അമേരിക്കൻ അംബാസിഡറെ മഹ്ദി വിളിച്ചുവരുത്തി. സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയിരുന്നു. അതേസമയം അമേരിക്ക – ഇറാൻ പോർവിളിയിൽ കൂടുതൽ രാജ്യങ്ങൾ ആശങ്കയറിയിച്ചു. സമാധാനത്തിനുള്ള വഴി തേടണമെന്ന് ബ്രിട്ടനും ഫ്രാൻസും സൗദിയും ആവശ്യപ്പെട്ടു. ഇറാഖിലെ സൈനിക നടപടികളുടെ ഭാവി തീരുമാനിക്കാൻ ഉടൻ യോഗം ചേരുമെന്ന് നാറ്റോ സമിതിയും അറിയിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here