വാഷിംഗ്ടൺ: (www.mediavisionnews.in) ഞാൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ മിസൈലാക്രമണത്തിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലുള്ള എല്ലാ അമേരിക്കൻ പട്ടാളക്കാരും സുരക്ഷിതരാണെന്നും മിലിട്ടറി ബേസിൽ നിസാരമായ നഷ്ടം ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി.
ഗ്രേറ്റ് അമേരിക്കൻ ഫോഴ്സ് എന്തിനും സന്നദ്ധരാണ്. മുൻകരുതൽ സ്വീകരിച്ചതിനാൽ ആർക്കും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തില്ല. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇറാൻ ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ്. ഖാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണെന്നും തന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ്. സൈനിക തലവനെന്ന നിലയിൽ സുലൈമാനി പല ആക്രമണങ്ങൾക്കും മുഖ്യകാരണക്കാരനായിരുന്നു. അയാൾ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാർക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടു. രക്തരൂഷിതമായ ആഭ്യന്തര കലാപങ്ങൾക്ക് അയാൾ തിരികൊളുത്തി.
നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും . ഇറാൻ ആണവ പദ്ധതികൾ പൂർണമായും ഒഴിവാക്കണം. തീവ്രവാദികൾക്കുള്ള പിന്തുണ പിൻവലിക്കണം . ബ്രിട്ടനും ജർമ്മനിയും ഫ്രാൻസും സാഹചര്യം മനസ്സിലാക്കണം. ഇറാനുമായുള്ള ആണവകരാറിൽ നിന്ന് ഈ രാജ്യങ്ങൾ പിന്മാറണം. അത്യാധുനിക ആയുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. എന്നാൽ ഇവയൊന്നും പ്രയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.