മുംബൈ (www.mediavisionnews.in) : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരാവാന്‍ അപേക്ഷ നല്‍കി മുന്‍ താരങ്ങള്‍. മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ് സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചത്. നാളെയാണ് അപേക്ഷ അയക്കാനുള്ള അവസാന തീയതി. സെലക്ഷന്‍ കമ്മിറ്റിയിയില്‍ ഒഴിവുള്ള രണ്ട് സ്ഥാനത്തേക്കാണ് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാളായിരിക്കും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നാണ് സൂചന. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം എസ് കെ പ്രസാദ്, ഗഗന്‍ ഗോഡ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശരണ്‍ദീപ് സിംഗ്, ജതിന്‍ പരഞ്ജ്പെ, ദേവാംഗ് ഗാന്ധി എന്നിവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.
ഇപ്പോള്‍ അപേക്ഷ നല്‍കിയ മൂന്ന് പേര്‍ക്ക് പുറമെ മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് വരെ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചുമായിരുന്ന സഞ്ജയ് ബംഗാര്‍, മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്, എന്നിവരും സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കുമെന്ന് സൂചനയുണ്ട്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ശിവരാമകൃഷ്ണനോ, ബംഗാറോ, വെങ്കിടേഷ് പ്രസാദോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവാനുള്ള സാധ്യതകള്‍ കൂടുതലാണ്.
ഓസ്ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പിലെ ഇന്ത്യയുടെ ഹീറോ ആയ ശിവരാമകൃഷ്ണന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രണ്ട് പതിറ്റാണ്ടായി കമന്ററി രംഗത്ത് സജീവമാണ്. ഇന്ത്യക്കായി ഒമ്പത് ടെസ്റ്റിലും 16 ഏകദിനത്തിലും ശിവരാമകൃഷ്ണന്‍ കളിച്ചിട്ടുണ്ട്. സഞ്ജയ് ബംഗാറാകട്ടെ 12 ടെസ്റ്റിലും 15 ഏകദിനത്തിലും ഇന്ത്യക്കായി കളിച്ചു. വെങ്കിടേഷ് പ്രസാദ് 33 ടെസ്റ്റിലും 161 ഏകദിനത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.