അഫ്‌സല്‍ ഗുരുവിന്റെ കത്ത് ചര്‍ച്ചയാകുന്നു; തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ കശ്മീര്‍ ഡി.വൈ.എസ്.പിയുടെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്ക് അന്വേഷിക്കുമെന്ന് ഐ.ജി

0
195

ശ്രീനഗര്‍: (www.mediavisionnews.in) തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. കശ്മീര്‍ ഐ.ജി വിജയകുമാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പിടിയാലായിരിക്കുന്ന ദേവീന്ദര്‍ സിങ്.

2013ല്‍ അഫ്സുല്‍ ഗുരു എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

അയാളേയും കൂട്ടി ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതു കൂടാതെ പ്രതിക്ക് താമസം ഒരുക്കാനും ദേവീന്ദര്‍ സിങ് നിര്‍ബന്ധിച്ചു. പ്രതിക്ക് കാര്‍ വാങ്ങി നല്‍കാനും ഇയാള്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നും കത്തില്‍ പറയുന്നുണ്ട്. കശ്മീര്‍ സ്പെഷ്യല്‍ ഫോഴ്സിന് കീഴില്‍ ഡി.എസ്.പി ആയിരുന്നു അന്ന് ദേവീന്ദര്‍ സിങ്. പൊലീസ് ക്യാമ്പില്‍ വെച്ച് ദേവീന്ദര്‍ സിങില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ കൂടി നേരിടേണ്ടി വന്നിരുന്നെന്നും അഫ്സുല്‍ ഗുരു വെളിപ്പെടുത്തിയിരുന്നു.

ദേവിന്ദര്‍ സിങ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായതോടെ അഫ്‌സല്‍ ഗുരുവിന്റെ കത്തും മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ ദേവിന്ദര്‍ സിങിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കുമെന്ന് ഐ.ജി അറിയിച്ചത്. ദേവീന്ദര്‍ സിങിന്റെ നടപടിയെ ഹീനൃത്യമെന്ന് പറഞ്ഞ ഐ.ജി മറ്റു തീവ്രവാദികള്‍ക്കൊപ്പ്ം തന്നെയാണ് ഇയാളെയും പരിഗണിക്കുക എന്നും അറിയിച്ചു.

ലഷ്‌കറെ ത്വയിബ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പുകളിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കൊപ്പം കാറില്‍ ദല്‍ഹിയിലേക്കുള്ള യാത്ര മധ്യേ ആയിരുന്നു ദേവിന്ദര്‍ സിങിനെ പിടികൂടിയത്. ഇതിലെ ലഷ്‌കര്‍ ത്വയിബ്ബ് കമാന്‍ഡര്‍ നവീദ് ബാബു, 2017 വരെ കശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിളായിരുന്നു. പിന്നീടാണിയാള്‍ സേന വിട്ട് ലഷ്‌കറെ ത്വയിബ്ബയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

നവീദ് ബാബുവിനൊപ്പം തന്നെ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ് പിടിക്കപ്പെട്ടതോടെ കശ്മീരിലെ പൊലീസ് സേനക്ക് നേരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞ വര്‍ഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയ ദേവീന്ദര്‍ സിങിനെപ്പോലെ പൊലീസിലെ ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനും തീവ്രവാദികളുമായുള്ള ബന്ധം ഇതാദ്യമായാണ് പുറത്തുവരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here