ദില്ലി: (www.mediavisionnews.in) സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവ ഉപയോക്താക്കളെ തിരിച്ചറിയാനുള്ള സ്വയം സംവിധാനം ഉണ്ടാക്കേണ്ടിവരും എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ തങ്ങളുടെ തിരിച്ചറിയല്‍ അടയാളം, അല്ലെങ്കില്‍ രേഖകള്‍ ഇത്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലുള്ള ഉപയോക്താക്കള്‍ നല്‍കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരമാണ് ഇത്തരം ഒരു സംവിധാനം നടപ്പിലാക്കുന്നത് എന്നാണ് ഐടി മന്ത്രാലയം പറയുന്നത്.
ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം കേന്ദ്ര നിയമമന്ത്രാലയത്തിന് കത്ത് എഴുതി കഴിഞ്ഞുവെന്നാണ് വാര്‍ത്ത ഏജന്‍സി ഐഎഎന്‍എസ് ഐടി വകുപ്പിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജവാര്‍ത്ത, അപകടകരമായ ഉള്ളടക്കങ്ങള്‍, വസ്തുതയില്ലാത്ത വിവരങ്ങള്‍, വംശീയ അധിക്ഷേപം, ലിംഗ വിവേചനം എന്നിവ തടയാനാണ് ഇത്തരം ഒരു നീക്കം എന്നാണ് ഐടി മന്ത്രാലയം പറയുന്നത്.
പേഴ്സണല്‍ ഡാറ്റ പ്രോട്ടക്ഷന്‍ ബില്ല് 2019 പ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ ‘വളണ്ടറി വെരിഫിക്കേഷന്‍’ സംവിധാനം തങ്ങളുടെ യൂസര്‍മാരുടെ അക്കൗണ്ടുകള്‍ക്ക് മുകളില്‍ ഏര്‍പ്പെടുത്തണം എന്നുണ്ട്. എല്ലാ ഉപയോക്താക്കൾക്കും പൊതുവായി ദൃശ്യമാകുന്ന ബയോമെട്രിക് അല്ലെങ്കിൽ ഫിസിക്കൽ ഐഡന്‍റിഫിക്കേഷന് സമാനമായ പരിശോധനയുടെ ദൃശ്യവും ദൃശ്യപരവുമായ അടയാളം നൽകണം എന്നതാണ് പറയുന്നത്. ഇതോടെ ആധാര്‍ അടക്കമുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ചിലപ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് ആവശ്യമായി വന്നേക്കും.
ഈ ബില്ല് നിയമായാല്‍ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ടിക്ടോക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ നിലവിലുള്ള അക്കൗണ്ടുള്ളവര്‍ വെരിഫിക്കേഷന്‍ തെളിയിക്കേണ്ടി വന്നേക്കാം. അതിനൊപ്പം തന്നെ തങ്ങളുടെ ഉപയോക്താക്കളുടെ പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ സോഷ്യൽ മീഡിയ കമ്പനികളുടെ സംവിധാനങ്ങൾ തന്നെ വികസിപ്പിക്കേണ്ടിവരും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.