തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുളള നിരോധനം നിലവിൽ വന്നു. വ്യാപാരികളുടെ എതിർപ്പിനിടെയാണ് നിരോധനം നടപ്പാക്കിയത്. ഈ മാസം 15 വരെ ശിക്ഷാ നടപടി ഉണ്ടാകില്ല. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.
നവംബറിലാണ് മന്ത്രിസഭ യോഗം തീരുമാനമെടുത്തത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം. ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികൾ, മത്സ്യം ഇറച്ചി ധാന്യങ്ങൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്കെല്ലാം പിന്നീട് ഇളവ് ഏർപ്പെടുത്തി.
നിരോധനത്തിനെതിരെ വ്യാപാരികൾ വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്പാദകരും വ്യാപാരികളും നൽകിയ ഹർജിയിൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. എന്നാൽ ആദ്യഘട്ടത്തിൽ ശിക്ഷാനടപടി ഉണ്ടാകില്ല. പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചി, പേപ്പർ കവർ എന്നിവ വിപണിയിൽ കൂടുതൽ ലഭ്യമാക്കും. ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചു ശേഖരിക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുൻകയ്യെടുക്കും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.