വിമാനത്താവളത്തില്‍ ബോംബ് വച്ച അജ്ഞാതന്‍റെ കൈവശം മറ്റൊരു ബാഗ്? മംഗളൂരുവില്‍ അതീവ ജാഗ്രത

0
174

മംഗളൂരു: (www.mediavisionnews.in) മംഗളൂരു വിമാനത്താവളത്തിൽനിന്നും സ്ഫോടക വസ്തു എത്തിച്ചയാളുടെ കൈവശം മറ്റൊരു ബാഗു കൂടിയുണ്ടെന്ന് മൊഴി. പ്രതിയെന്ന് സംശയിക്കുന്ന ആൾ തുളു ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും ഇയാളെ വിമാനത്താവളത്തിലെത്തിച്ച ഓട്ടോ ഡ്രൈവർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതേ തുടര്‍ന്ന് കർണാടകയിൽ പൊലീസ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

സ്ഫോടക വസ്തുവുമായെത്തിയ ആളെ മംഗളൂരു ബജ്പെ വിമാനത്താവളത്തിലെത്തിച്ചെന്ന ഓട്ടോ ഡ്രൈവറുടെ നിർണായക മൊഴി വന്നതോടെ കനത്ത ജാഗ്രതയിലാണ് മംഗലാപുരം നഗരം. സ്ഫോടക വസ്തുക്കൾ നിറച്ച ബാഗ് വിമാനത്താവള ടെര്‍മിനലിന് സമീപം വച്ച് തിരികെ ഓട്ടോയിൽ കയറിയ പ്രതി രണ്ടാമത്തെ ബാഗുമായി രക്ഷപ്പെട്ടെന്നാണ് ഓട്ടോ ഡ്രൈവർ വ്യക്തമാക്കിയത്.

ഇന്നലെ രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ കയ്യിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയിൽ വിമാനത്താവളത്തിലെത്തി. സ്ഫോടക വസ്തുക്കളുള്ള ബാഗ് ടെ‍ർമിനലിന് സമീപം വച്ചു. തിരികെ ഓട്ടോയിൽ കയറി കടയിൽ വച്ച ബാഗുമായി പ്രതി പമ്പ്‌വൽ ജംഗ്ഷനിൽ ഇറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്.

പ്രതിയുമായി സാദൃശ്യമമുള്ള നിരവധി ചിത്രങ്ങൾ ലഭിച്ചെന്നും ഇതെല്ലാം പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വ്യക്തമാക്കി. മംഗളൂരുവിനെ അശാന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

സംഭവത്തില്‍ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള ഫോൺ കാളുമായി സ്ഫോടക വസ്തു കണ്ടെത്തിയതിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. പ്രതിയുടെ കൈവശം മറ്റൊരു ബാഗ് കൂടെ ഉണ്ടെന്ന വിവരം പുറത്ത് വന്നതോടെ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കേസ് അന്വേഷണത്തിനായി എൻ.ഐ.എ സംഘം ഉടൻ മംഗളൂരുവിലെത്തും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here